സഹകരണ പുനരുദ്ധാരണ നിധി: എതിർപ്പുമായി യു.ഡി.എഫ്
text_fieldsതൃശൂർ: നഷ്ടത്തിലുള്ള പ്രാഥമിക സഹകരണ ബാങ്കുകളെ സഹായിക്കാൻ പുനരുദ്ധാരണ നിധി രൂപവത്കരിക്കാനുള്ള നീക്കത്തിനെതിരെ എതിർപ്പുമായി യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം ഭരണസമിതികൾ. സഹകരണ ബാങ്കുകളിലെ കരുതൽ ധനമെടുത്ത് പുനരുദ്ധാരണ നിധി രൂപവത്കരിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള സഹകരണ ചട്ട ഭേദഗതി തയാറായി. ഇത് ഗവര്‍ണര്‍ ഒപ്പിടുന്ന മുറക്ക് പ്രാബല്യത്തിൽ വരും.
കരുവന്നൂര്‍ അടക്കം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. പ്രതിസന്ധിയിലാകുന്ന സഹകരണ സ്ഥാപനങ്ങൾക്ക് പ്രത്യേകം രക്ഷ പാക്കേജുകളുണ്ടാക്കും. പ്രാഥമിക സഹകരണ സംഘങ്ങളുടെ കാര്‍ഷിക വായ്പ സ്ഥിരത ഫണ്ട്, റിസര്‍വ് ഫണ്ട് എന്നിവയില്‍നിന്നുള്ള പണമാണ് സംരക്ഷണ നിധിയിലേക്ക് എത്തുക. പ്രാഥമിക സഹകരണ ബാങ്കുകള്‍ ലാഭത്തിന്റെ ഏഴ് ശതമാനം കാര്‍ഷിക വായ്പ സ്ഥിരത ഫണ്ടിലേക്കും 15 ശതമാനം റിസര്‍വ് ഫണ്ടിലേക്കും നീക്കിവെക്കണം.
കാര്‍ഷിക വായ്പ സ്ഥിരത ഫണ്ടിന്റെ 50 ശതമാനം സംരക്ഷണ നിധിക്ക് നൽകണമെന്നാണ് വ്യവസ്ഥ. വായ്പ തുകക്ക് നിക്ഷേപ പലിശ നൽകാനാണ് നിലവിലെ ധാരണ. എന്നാൽ, ഫണ്ട് കണ്ടെത്തുന്നതിന് അപ്പുറം സഹകരണ സംരക്ഷണ നിധിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചോ മറ്റു മാനദണ്ഡങ്ങളെക്കുറച്ചോ തീരുമാനമൊന്നും ആയിട്ടില്ല. കരുതൽ ഫണ്ട് നൽകാത്ത സംഘങ്ങൾക്ക് പരിരക്ഷ കിട്ടുമോയെന്നതിലും വ്യക്തതയില്ല.
സഹകരണ പുനരുദ്ധാരണ നിധിയോട് നിയമവശവും പ്രായോഗികതയും ചൂണ്ടിക്കാട്ടിയുള്ള വിയോജിപ്പാണ് യു.ഡി.എഫ് നിയന്ത്രിത സഹകരണ സംഘങ്ങൾ ഉയർത്തുന്നത്. ഇത് ലാഭത്തിലുള്ള ബാങ്കുകളുടെ തകർച്ചക്ക് വഴിവെക്കുമെന്ന ആശങ്ക ഇവർ പങ്കുവെക്കുന്നു. ഭൂരിപക്ഷം സഹകരണ സംഘങ്ങളിലും വായ്പ കുടിശ്ശിക ഭീതിദമാണ്. നോട്ടീസ് നൽകിയാൽതന്നെ ആത്മഹത്യഭീഷണിയും മറ്റുമായി വിവാദത്തിലാവും. കഴിയുന്നത്ര വായ്പ കുടിശ്ശിക പിരിച്ചെടുത്തും നിക്ഷേപങ്ങൾ സ്വീകരിച്ചുമാണ് പല സംഘങ്ങളും മുന്നോട്ടു പോകുന്നത്.
അതേസമയം, സഹായനിധിയെ എതിർക്കുമെന്ന് കരുവന്നൂരിനെ ചൂണ്ടി വ്യക്തമാക്കുന്നുണ്ടെങ്കിലും കോൺഗ്രസ് ഭരണത്തിൽ തകർന്ന ബാങ്കുകളുടെ പുനരുദ്ധാരണവും ഇതിൽ ഉൾപ്പെടുന്നതിനാൽ എതിർപ്പിന് കാര്യമായ വീര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

