സഹകരണ സംരക്ഷണ സമിതി പ്രതിഷേധ സംഗമം; അധ്യക്ഷനായ കോൺഗ്രസ് നേതാവിന് നോട്ടീസ്
text_fieldsകോഴിക്കോട്: സി.പി.എം നേതൃത്വത്തിൽ സഹകരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സഹകാരികളുടെ പ്രതിഷേധ സംഗമത്തിൽ അധ്യക്ഷത വഹിച്ച കോൺഗ്രസ് നേതാവിന് കാരണം കാണിക്കൽ നോട്ടീസ്.
കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റും മുൻ ചേവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ ജി.സി. പ്രശാന്ത് കുമാറിനാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ നോട്ടീസ് നൽകിയത്. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി സി.പി.എമ്മുമായി വേദി പങ്കിട്ടതിൽ ഏഴുദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്.
കരുവന്നൂർ ബാങ്കിലെ തട്ടിപ്പിന്റെ പേരിൽ സഹകരണ മേഖലയെ ആകെ തകർക്കുന്ന നിലപാടാണ് കേന്ദ്ര ഏജൻസി തുടരുന്നതെന്നാരോപിച്ച് വ്യാഴാഴ്ച നളന്ദ ഹാളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചത്. സഹകരണ മന്ത്രി വി.എന്‍. വാസവനായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്.
യോഗത്തിൽ സഹകരണ മേഖലയെ സംരക്ഷിച്ചുനിര്ത്തുമെന്നുള്ള പ്രതിജ്ഞ ചൊല്ലിയ സഹകാരികള്‍ ജില്ലയിലെ നാല് താലൂക്കുകള്‍ കേന്ദ്രീകരിച്ച് സഹകരണ സംരക്ഷണ സമിതികള്‍ രൂപവത്കരിക്കാനും ഒക്ടോബര്‍ 19ന് ആദായനികുതി ഓഫിസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിരുന്നു. എൽ.ഡി.എഫിലെ കക്ഷി നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ യു.ഡി.എഫിലെ സി.എം.പി നേതാവ് സി.എൻ. വിജയകൃഷ്ണനും മുസ്ലിം ലീഗ് നേതാവ് കാദർ മാസ്റ്ററും സംബന്ധിച്ചിരുന്നു.
ബാങ്കുകൾ വഴി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചും തട്ടിപ്പ് നടത്തിയും സി.പി.എമ്മാണ് സഹകരണ മേഖലയുടെ വിശ്വാസ്യത തകർത്തതെന്നും സഹകരണ ബാങ്ക് വിഷയത്തിൽ കേന്ദ്രത്തിനെതിരായ സമരം കോൺഗ്രസ് ഒറ്റക്ക് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും സി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇക്കാര്യത്തിൽ സി.പി.എമ്മുമായി വേദി പങ്കിട്ടുള്ള ഒരുസമരത്തിനും പോകരുതെന്ന് കെ.പി.സി.സിയുടെ നിർദേശമുണ്ട്. ഈ വിലക്ക് ലംഘിച്ചതിനാണ് പ്രശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

