ആർ.എസ്.എസ് ബന്ധം: പറഞ്ഞ്, മറിഞ്ഞ്, തിരുത്തി സി.പി.എം
text_fieldsതിരുവനന്തപുരം: ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞും പിന്നീട് മലക്കംമറിഞ്ഞും വിവാദത്തിൽപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ആർ.എസ്.എസ് ബാന്ധവം സമ്മതിച്ചത്. വിവാദമായതിനുപിന്നാലെ അദ്ദേഹം അങ്ങനെയല്ല പറഞ്ഞതെന്ന് തിരുത്തി. പാർട്ടി പ്രതിക്കൂട്ടിലായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സെക്രട്ടറിയെ തള്ളി രംഗത്തെത്തി.
അടിയന്തരാവസ്ഥക്കുശേഷം സി.പി.എം ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച ചാനൽ അഭിമുഖത്തിലാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയെ ഇപ്പോൾ തള്ളിപ്പറയുന്ന സി.പി.എം നേരത്തേ അവരുടെ പിന്തുണ സ്വീകരിച്ചിരുന്നല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന്, ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ചിട്ടില്ലെന്നുപറഞ്ഞാണ് അദ്ദേഹം ആർ.എസ്.എസും സി.പി.എമ്മും ചേർന്ന് പ്രവർത്തിച്ച കാര്യം സ്ഥിരീകരിച്ചത്.
‘ആർ.എസ്.എസ് രൂപവത്കരിക്കുന്ന ഘട്ടം 1925 ലാണല്ലോ. ആർ.എസ്.എസ് വർഗീയവാദികളാണല്ലോ. എല്ലാ ഘട്ടത്തിലും ആർ.എസ്.എസിനെ ആരെങ്കിലും അംഗീകരിച്ചിട്ടുണ്ടോ. എന്നാൽ, അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ ആർ.എസ്.എസുമായി ഞങ്ങൾ ചേര്‍ന്നു. അടിയന്തരാവസ്ഥ വന്നാൽ പിന്നെ ഫാഷിസത്തിന്റെ അവസാനം വരുത്തുക എന്നതാണല്ലോ പിന്നത്തെ മുദ്രാവാക്യം. യോജിക്കാവുന്നവരെല്ലാവരുമായി യോജിച്ചില്ലേ കേരളത്തിലും ഇന്ത്യയിലും’ -അദ്ദേഹം പറഞ്ഞു.
തന്റെ വാക്കുകൾ വിവാദമായപ്പോൾ ബുധനാഴ്ച വാർത്തസമ്മേളനം നടത്തിയാണ് എം.വി. ഗോവിന്ദൻ തിരുത്തിയത്. ആർ.എസ്.എസുമായി സി.പി.എം ഇതുവരെ ഒരു കൂട്ടുകൂടലും ഉണ്ടാക്കിയിട്ടില്ലെന്നും ഇനി ഉണ്ടാക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് ഉൾക്കൊള്ളുന്ന ജനസംഘമടക്കമുള്ള വിവിധ രാഷ്ട്രീയധാരകൾ ചേർന്നുള്ള ജനത പാർട്ടിയുമായാണ് സി.പി.എം സഹകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
‘ആ സഹകരണം അടിയന്തരാവസ്ഥ കാലത്താണ്. അടിയന്തരാവസ്ഥ അർധ ഫാഷിസത്തിന്റെ ഭാഗമായിരുന്നു. അന്ന് എല്ലാവരും ചേർന്ന് രൂപപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ജനത പാർട്ടി. ആർ.എസ്.എസ് അക്കാലത്ത് ശക്തമായിരുന്നില്ല. ജനസംഘത്തിന്റെ ഭാഗമായ ഒരു സംഘടന മാത്രമായിരുന്നു.
കേന്ദ്രത്തിലെ വി.പി. സിങ് മന്ത്രിസഭയെ അട്ടിമറിക്കാൻ ബി.ജെ.പിയും കോൺഗ്രസും ദേശീയതലത്തിലും വടകര-ബേപ്പൂർ എന്നിവിടങ്ങളിൽ ഒരു സ്ഥാനാർഥിയെ നിർത്തി കേരളത്തിൽ യു.ഡി.എഫും ബി.ജെ.പിയും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കുശേഷം നടന്ന തലശ്ശേരി അടക്കമുള്ള ഉപതെരഞ്ഞെടുപ്പ് വേളയിൽ ആർ.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് ഇ.എം.എസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു.
ഇതിനുപിന്നാലെ ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രിയും രംഗത്തെത്തി. ‘1925 ല്‍ ആർ.എസ്.എസ് രൂപവത്കരിക്കപ്പെട്ട ശേഷം ഇന്നുവരെ അവരോട് ഐക്യപ്പെടാന്‍ കമ്യൂണിസ്റ്റുകാര്‍ പോയിട്ടില്ല. ഇന്നലെയും യോജിപ്പില്ല, ഇന്നും യോജിപ്പില്ല, നാളെയും യോജിപ്പ് ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗോവിന്ദൻ മറുപടി പറഞ്ഞ സാഹചര്യം എന്താണെന്നോ ചോദ്യം എന്താണെന്നോ തനിക്കറിയില്ല’ - മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘അടിയന്തരാവസ്ഥക്കാലത്ത് ജനത പാർട്ടിയുമായുള്ള തെരഞ്ഞെടുപ്പ് സഹകരണം എങ്ങനെയാണ് സി.പി.എം-ആർ.എസ്.എസ് ബന്ധമാകുക? ആർ.എസ്.എസ് പോയിട്ട് ജനസംഘവുമായി പോലും സഹകരിച്ചിട്ടില്ല. ആർ.എസ്.എസ് അക്രമണങ്ങൾക്കെതിരെ സി.പി.എം ചെറുത്തുനിൽപ്പ് നടത്തുന്ന ഘട്ടം കൂടിയായിരുന്നു’ -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

