സഹകരണ ക്രമക്കേട്;വിജിലൻസ് റിപ്പോർട്ടുകളിൽ നടപടി ഇഴയുന്നു, കടുപ്പിച്ച് സി.എ.ജി
text_fieldsസഹകരണമേഖല
തിരുവനന്തപുരം: സഹകരണ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടുകൾ സംബന്ധിച്ച കാര്യങ്ങളിൽ മെല്ലെപ്പോക്കെന്ന് സി.എ.ജി. 2019-2024 കാലയളവിൽ സഹകരണ രജിസ്ട്രാർക്ക് ലഭിച്ച 247 അന്വേഷണ റിപ്പോർട്ടുകളിൽ 185 എണ്ണത്തിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ശിപാർശ ചെയ്തിരുന്നു. അതേസമയം, 247ൽ 195 എണ്ണവും ആറുമാസം മുതൽ അഞ്ചു വർഷത്തിലധികം വരെ വൈകിയാണ് രജിസ്ട്രാർക്ക് സമർപ്പിച്ചത്.
മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ചട്ടം. നടപടിക്ക് ശിപാർശ ചെയ്ത 185 റിപ്പോർട്ടുകളിൽ 143 എണ്ണം മാത്രമാണ് തുടർനടപടികൾക്കായി വിവിധ വിഭാഗങ്ങളിലേക്ക് കൈമാറിയത്. ഇതിൽതന്നെ 57 റിപ്പോർട്ടുകൾ കൈമാറാൻ 31 മുതൽ 690 ദിവസം വരെ കാലതാമസമുണ്ടായി. ബാക്കി 42 റിപ്പോർട്ടുകൾ എവിടെയെന്നോ, എന്ത് നടപടി സ്വീകരിച്ചെന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ 42 കേസുകളിൽ 11 എണ്ണം പരിശോധിച്ചതിൽ 10 എണ്ണത്തിലും ധനാപഹരണം, വഞ്ചന, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ഗൗരവമായ കുറ്റകൃത്യങ്ങൾക്ക് നടപടിയെടുക്കാൻ ശിപാർശ ചെയ്തവയായിരുന്നു. വിജിലൻസ് റിപ്പോർട്ടുകളിൽ സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി വിലയിരുത്താൻ രജിസ്ട്രാർ ഓഫിസിലെ വിജിലൻസ് വിഭാഗം ആവശ്യമായ രജിസ്റ്ററുകൾ സൂക്ഷിച്ചിരുന്നില്ല. 185 വിജിലൻസ് റിപ്പോർട്ടുകളിൽ 41 എണ്ണത്തിൽ മാത്രമേ ജോയിന്റ് രജിസ്ട്രാർമാരിൽനിന്ന് മറുപടി റിപ്പോർട്ടുകൾ ലഭിച്ചിട്ടുള്ളൂ എന്ന് സർക്കാർ സമ്മതിച്ചു.
ബാക്കി കേസുകളിൽ നടപടികൾ പുരോഗമിക്കുകയാണെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, നടപടിക്ക് കൈമാറാത്ത 42 കേസുകളെക്കുറിച്ച് സർക്കാർ മറുപടി നൽകിയിട്ടില്ലെന്ന് ഓഡിറ്റ് നിരീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

