കേരള ബാങ്കിനെതിരായ കേസിൽ സഹകരിച്ചിട്ടുണ്ട്; യു.ഡി.എഫ് ജില്ല ചെയർമാന്‍റെ പ്രസ്താവന അനവസരത്തിലെന്ന് പി. അബ്ദുൽ ഹമീദ്
text_fieldsമലപ്പുറം: കേരള ബാങ്കിനെതിരായ കേസിൽ പട്ടിക്കാട് സർവിസ് സഹകരണ ബാങ്ക് വിട്ടുനിന്നുവെന്ന യു.ഡി.എഫ് മലപ്പുറം ജില്ല ചെയർമാന്‍റെ പ്രസ്താവനയിൽ പ്രതികരണവുമായി ബാങ്ക് പ്രസിഡന്‍റും മുസ് ലിം ലീഗ് എം.എൽ.എയുമായ പി. അബ്ദുൽ ഹമീദ്. അജയ് മോഹന്‍റെ പ്രസ്താവന അനവസരത്തിലെന്ന് അബ്ദുൽ ഹമീദ് പ്രതികരിച്ചു.
കേരള ബാങ്കിനെതിരായ കേസിൽ താനും പട്ടിക്കാട് സർവിസ് സഹകരണ ബാങ്കും സഹകരിച്ചിട്ടുണ്ട്. കേരള ബാങ്കിനെതിരെ നിയമസഭയിൽ പ്രസംഗിച്ചിരുന്നു. ഏത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അജയ് മോഹൻ പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും അബ്ദുൽ ഹമീദ് വ്യക്തമാക്കി.
കേരള ബാങ്കിനെതിരായ കേസിൽ യു.ഡി.എഫ് ഭരിക്കുന്ന 98 സഹകരണ സംഘങ്ങൾ ഒരുമിച്ചു നിന്നപ്പോൾ പി. അബ്ദുൽ ഹമീദ് എം.എൽ.എ പ്രസിഡന്റായ പട്ടിക്കാട് സർവിസ് സഹകരണ ബാങ്ക് വിട്ടുനിന്നെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ ആരോപിച്ചത്. കേരള ബാങ്ക് ഭരണസമിതിയിൽ ലീഗ് അംഗമായതിൽ യു.ഡി.എഫ് പ്രവർത്തകർക്ക് പ്രയാസമുണ്ടെന്നും നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ നിന്ന് വിട്ടുനിന്നതിന്റെ പാരിതോഷികമാണോ ഡയറക്ടർ ബോർഡ് അംഗത്വം എന്ന് പറയേണ്ടത് പി. അബ്ദുൽ ഹമീദ് എം.എൽ.എ ആണ്. മലപ്പുറത്തെ 98 ബാങ്കുകളും ലയനത്തിന് എതിരായിരുന്നു. തുടക്കം മുതൽ തന്നെ കേസുമായി ഹമീദ് എം.എൽ.എ സഹകരിച്ചിട്ടില്ല. എന്തിന് വിട്ടുനിന്നുവെന്ന് അദ്ദേഹം പറയണം.
വിഷയം മുസ്‍ലിം ലീഗിന്റെ ആഭ്യന്തര പ്രശ്നമാണ്. പ്രശ്നം തീർക്കേണ്ടത് ലീഗാണ്. ലീഗ് പ്രവർത്തകർക്കും ഈ വിഷയത്തിൽ അമർഷമുണ്ടെന്നും പി.ടി. അജയ് മോഹൻ വ്യക്തമാക്കി.