പാചകത്തൊഴിലാളികൾക്ക് ശമ്പളമില്ല; ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ
text_fieldsതൊടുപുഴ: സ്കൂളുകളിലെ പാചകത്തൊഴിലാളികൾക്ക് രണ്ടു മാസത്തിലധികമായി വേതനം ലഭിക്കാതായതോടെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്. ഇവർക്ക് സെപ്റ്റംബർ മാസമാണ് അവസാനമായി വേതനം കിട്ടിയത്. പ്രവൃത്തിദിവസം കണക്കാക്കിയാൽ അന്ന് 1000 രൂപ കുറച്ചാണ് വേതനം ലഭിച്ചത്. ഒരു പ്രവൃത്തി ദിവസം 600 രൂപയാണ് ഇവരുടെ വേതനം.
അവധി ദിവസങ്ങൾ ഒഴിച്ചാൽ ഒരു മാസം 12,000 രൂപ ശരാശരി വേതനം ലഭിക്കണം. ഇതു മാത്രമാണ് ഇവരുടെ ഉപജീവന മാർഗ്ഗം. വാഹനച്ചെലവ് ഉൾപ്പെടെ ഇതിൽനിന്ന് വേണം വഹിക്കാൻ. ദിവസം 100 മുതൽ 250 രൂപ വരെ മുടക്കിയാണ് പലരും സ്കൂളുകളിലെത്തുന്നത്. തുഛമായ വേതനമാണെങ്കിലും അതും കൃത്യമായി കിട്ടാതെ വരുന്നതിനാൽ ഇവർ ദുരിതത്തിലാണ്. സംസ്ഥാനത്ത് 12,000 പാചകത്തൊഴിലാളികളാണുള്ളത്. 35 വർഷമായി ഈ രംഗത്ത് ജോലി ചെയ്യുന്നവരുണ്ട്. പാചകത്തൊഴിലാളികളുടെ സംഘടന നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും ഇവരെ സ്ഥിരപ്പെടുത്താൻ നടപടി ഉണ്ടായില്ല. വേതനം മുടങ്ങിയതിന് കാരണമായി കേന്ദ്രവിഹിതം കിട്ടുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
എന്നാൽ 1,000 രൂപ മാത്രമാണ് ഒരാൾക്ക് ഒരുമാസം കേന്ദ്രസർക്കാർ നൽകുന്നത്. 250 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നാണ് സർക്കാർ കണക്ക്. 500ന് മുകളിൽ കുട്ടികൾ ഉണ്ടെങ്കിൽ 75 രൂപ കൂടുതൽ നൽകും.
ഇതിനിടയിൽ എത്ര കുട്ടികൾ ഉണ്ടെങ്കിലും 600 രൂപ മാത്രമേ കിട്ടൂ. അതിനിടെ ഉച്ചഭക്ഷണത്തിന് സ്കൂളുകൾക്ക് സർക്കാർ നൽകിയിരുന്ന സാമ്പത്തികസഹായവും രണ്ടര മാസമായി മുടങ്ങിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ പാചകത്തൊഴിലാളികളും പ്രഥമാധ്യാപകരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

