പാചകവാതക സിലിണ്ടര്‍ വിതരണ ട്രക്ക് തൊഴിലാളികള്‍ പണിമുടക്കി
text_fieldsതേഞ്ഞിപ്പലം: സേവന-വേതന കരാര്‍ പുതുക്കാത്തതിലും ലേബര്‍ ചര്‍ച്ചകള്‍ പ്രഹസനമാക്കുന്നതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവന്‍ എല്‍.പി.ജി ബോട്ട്ലിങ് പ്ലാന്റുകളിലും ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കി. ശനിയാഴ്ച രാവിലെ ആറ് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരുന്നു പ്രതിഷേധ കൂട്ടായ്മയും പണിമുടക്കും. ഐ.ഒ.സി ചേളാരി ബോട്ട്ലിങ് പ്ലാന്റിന് മുന്നില്‍ നടന്ന ധര്‍ണ കേരള സ്റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ടി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഒരു ഡസനിലേറെ ചര്‍ച്ചകള്‍ നടന്നിട്ടും കരാര്‍ പുതുക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ ജോലി ബഹിഷ്കരിച്ച് സമരം നടത്തിയത്. അവശ്യ സര്‍വിസിന്റെ പേരുപറഞ്ഞ് തൊഴിലാളിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടസ്സപ്പെടുത്തുന്നതിനെതിരായും കരാര്‍ പുതുക്കുന്നതിനുമായി നവംബര്‍ അഞ്ച് മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ എൽ.പി.ജി പ്ലാന്റുകളിലും അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കോഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

