പാചകവാതകം കരിഞ്ചന്തയിൽ; പുത്തൻ തട്ടിപ്പുമായി ഏജൻസി വിതരണക്കാർ
text_fieldsകോഴിക്കോട്: ഗ്യാസ് ബുക്ക് ചെയ്ത് സ്വീകരിക്കുന്നതുവരെ വിവരങ്ങൾ അറിയാൻ കഴിയുന്ന ഡെലിവറി ഓതന്‍റിഫിക്കേഷൻ കോഡ് (ഡി.എ.സി) നിലവിൽ വന്നെങ്കിലും പാചകവാതക വിതരണ തട്ടിപ്പ് പുത്തൻ പതിപ്പിൽ നടപ്പാക്കുകയാണ് ഏജൻസി വിതരണക്കാർ. ഇതുമൂലം ഗാർഹിക സിലിണ്ടറുകൾ ഗാർഹികേതര ഉപഭോക്താക്കൾക്കുൾപ്പെടെ അധികവിലയ്ക്ക് മറിച്ചുവിൽക്കുന്നത് വ്യാപകമായി. സംസ്ഥാനത്തെ മിക്ക ഏജൻസികളുടെയും വിതരണക്കാർ കരിഞ്ചന്തയിൽ ഗ്യാസ് വിൽക്കുന്നത് തകൃതിയായി.
ഏജൻസിയുടെ അറിവോടെയാണ് വിതരണ വാഹനങ്ങളിലെ ജീവനക്കാർ മുഖേന മറിച്ച് വിറ്റ് വൻ ലാഭം കൊയ്യുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള ക്ഷാമം മറയാക്കിയാണ് വെട്ടിപ്പ് തകൃതിയായി നടത്തുന്നത്. ചരക്കുഗതാഗതത്തിൽ അയവു വന്നപ്പോൾ പാചകവാതക ക്ഷാമം കുറഞ്ഞെങ്കിലും വിതരണത്തിലെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതാണ് ചൂഷണ സാധ്യത വർധിപ്പിക്കുന്നത്.
ഗാർഹികാവശ്യത്തിനുള്ള ഒരു സിലിണ്ടർ ലഭിച്ചാൽ നഗരങ്ങളിൽ 25 ദിവസവും ഗ്രാമങ്ങളിൽ 45 ദിവസവും കഴിഞ്ഞേ ഗാർഹിക എൽ.പി.ജി ബുക്കിങ് സാധ്യമാകൂ. ഒരു ദിവസം പാചക വാതക റീഫില്ലിങ് പ്ലാന്‍റുകളിൽ നിന്ന് വിതരണ ഏജൻസികൾക്ക് അവരുടെ ഏജൻസി വ്യവസ്ഥകൾക്കനുസരിച്ച് നിശ്ചിത എണ്ണം സിലിണ്ടറുകൾ മാത്രമേ വിതരണത്തിന് ലഭിക്കൂ. അത് തങ്ങളുടെ കീഴിലുള്ള ഉപഭോക്താക്കൾക്ക് ക്രമപ്രകാരം നൽകാൻ മാത്രമേ തികയുകയുമുള്ളു.
ഇതിനെ അതിജീവിക്കാൻ മാസങ്ങൾ കൂടുമ്പോൾ മാത്രം സിലിണ്ടർ ബുക്ക് ചെയ്തിരുന്നവരെ ഉപയോഗിച്ച് കൃത്യമായി ഗ്രാമങ്ങളിൽ 45 ദിവസത്തിലൊരിക്കലും നഗരപ്രദേശങ്ങളിൽ 25 ദിവസത്തിലൊരിക്കലും ബുക്ക് ചെയ്യിച്ച് ഡി.എ.സി നമ്പർ വാങ്ങി വിതരണക്കാർ സൂക്ഷിക്കുകയാണ് പ്രാരംഭ നടപടി. ഇതോടെ ബുക്കിങ് മുൻഗണന പ്രകാരമുള്ള ദൈനംദിന ആവശ്യക്കാരുടെ എണ്ണം കൂടുതലും വിതരണത്തിനു ലഭ്യമായ സിലിണ്ടറുകളുടെ എണ്ണം കുറവുമാകും. ബുക്ക് ചെയ്ത ഉപഭോക്താക്കളിൽ പലർക്കും സിലിണ്ടർ മനഃപൂർവം നൽകില്ല. വിതരണ വാഹനം വൈകീട്ട് ഏജൻസിയിൽ തിരിച്ചെത്തിയശേഷം ഏതൊക്കെ ഉപഭോക്താക്കൾക്കുള്ള സിലിണ്ടർ ആണോ നൽകാതിരുന്നത് അവരുടെ ഇൻവോയ്സ് മടക്കി നൽകുന്നു.
ഗ്യാസ് സിലിണ്ടറുമായി എത്തിയപ്പോൾ സ്ഥലത്തില്ലായിരുന്നതായി ഓൺലൈനിൽ രേഖപ്പെടുത്തുകയും ചെയ്യും. ഉപഭോക്താവ് ‘അൺ അവയ് ലബിൾ’ ആയതുകൊണ്ട് ഇൻവോയ്സ് നമ്പർ റിട്ടേൺ ആയതായി ഫോണിൽ സന്ദേശം വരുകയും ചെയ്യും.
ഇത്തരം മെസേജുകൾ ഭൂരിപക്ഷംപേരും വായിച്ച് നോക്കാത്തതിനാൽ വിതരണക്കാരെ ഈ പ്രശ്‌നം ബാധിക്കുന്നേയില്ല. പ്രശ്നമുണ്ടാക്കുന്ന അപൂർവം പേർക്ക് മാത്രം സിലിണ്ടർ നൽകുകയും ചെയ്യും. സിലിണ്ടർ ലഭിക്കാത്തവരെക്കൊണ്ട് കമ്പ്യൂട്ടർ പ്രശ്നം, ഗ്യാസ് കമ്പനിയിലെ പ്രശ്‌നം, സിലിണ്ടർ വരവില്ല എന്നിങ്ങനെയൊക്കെ ന്യായങ്ങൾ നിരത്തി വീണ്ടും ബുക്ക് ചെയ്യിപ്പിച്ച് ദിവസങ്ങൾക്കു ശേഷം സിലിണ്ടർ നൽകുകയും ചെയ്ത് പണം നേടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

