സമസ്ത സിലബസിനെ ചൊല്ലി തർക്കം: വലക്കണ്ടി തൻവീർ വാഫി കോളജിൽ സംഘർഷം
text_fieldsതേഞ്ഞിപ്പലം: സിലബസ് മാറ്റത്തെ ചൊല്ലി വലക്കണ്ടി തൻവീർ ഇസ്‍ലാമിക് ആൻഡ് ആർട്സ് കോളജിൽ (തൻവീർ വാഫി കോളജ്) സംഘർഷം. വാഫി സിലബസിലുള്ള സ്ഥാപനം സമസ്തയുടെ പുതിയ ദേശീയ വിദ്യാഭ്യാസ സമിതി (എസ്.എൻ.ഇ.സി) സിലബസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടെത്തിയവരാണ് സംഘർഷമുണ്ടാക്കിയത്. പള്ളിക്കല്‍ -പെരുവള്ളൂര്‍ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള വലക്കണ്ടി തൻവീറുൽ ഇസ്‍ലാം യതീംഖാന കമ്മിറ്റിക്ക് കീഴിലുള്ളതാണ് കോളജ്. ചെറിയ പെരുന്നാൾ അവധി കഴിഞ്ഞ് ഞായറാഴ്ച സ്ഥാപനം തുറക്കാനിരിക്കെയാണ് ഒരു വിഭാഗം സംഘർഷമുണ്ടാക്കിയത്.
ശനിയാഴ്ച രാവിലെ പത്തോടെ കോളജിലെത്തിയ സംഘം മാനേജറെ വളഞ്ഞ് ഭീഷണിപ്പെടുത്തി ഒഴിഞ്ഞുപോകാനാവശ്യപ്പെടുകയും ഇവിടെയുണ്ടായിരുന്ന അധ്യാപകനു നേരെ കൈയേറ്റ ശ്രമം നടത്തുകയും ചെയ്തതായി ആരോപണമുണ്ട്. കോളജ് കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് വൈകീട്ട് തേഞ്ഞിപ്പലം എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പ്രശ്‌നപരിഹാരത്തിനായി ഇരുവിഭാഗത്തെയും ഞായറാഴ്ച തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് സമവായ ചര്‍ച്ചക്ക് വിളിപ്പിച്ചിട്ടുണ്ട്.
മാനേജിങ് കമ്മിറ്റിയുടെ ഔദ്യോഗിക തീരുമാനപ്രകാരമാണ് വാഫി സിലബസ് തുടരാൻ തീരുമാനിച്ചതെന്ന് തൻവീർ വാഫി കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ജംഷീദ് വാഫി മൂന്നിയൂർ പറഞ്ഞു. സമസ്ത -സി.ഐ.സി വിവാദങ്ങളെ തുടർന്ന് സ്ഥാപനത്തിൽ ഏത് സിലബസ് വേണമെന്ന കാര്യം തീരുമാനിക്കാൻ കമ്മിറ്റി ചേർന്നിരുന്നു.
യതീംഖാന കമ്മിറ്റി പ്രസിഡന്റായ പാണക്കാട് സാദിഖലി തങ്ങളുടെ അഭിപ്രായം തേടിയ ശേഷം തീരുമാനമെടുക്കാനാണ് അന്ന് ധാരണയായത്. സാദിഖലി തങ്ങളുടെ നിർദേശപ്രകാരമാണ് വാഫി സിലബസിൽ തുടരാൻ കമ്മിറ്റി തീരുമാനിച്ചതെന്ന് ജംഷീദ് വാഫി പറഞ്ഞു. അതേസമയം, വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും അവധി കഴിഞ്ഞ് ഞായറാഴ്ച കോളജ് പതിവുപോലെ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

