എം.എസ്.എഫ് വൈസ് പ്രസിഡൻറിനെ നീക്കിയതിൽ വിവാദം
text_fieldsകൽപറ്റ: ഹരിത മുൻ ഭാരവാഹികളെ പിന്തുണച്ച എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. ഷൈജലിനെ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ വിവാദം. ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിനാൽ വയനാട് ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ശിപാർശ അനുസരിച്ച് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറിനെ മുസ്ലിം ലീഗിെൻറയും എം.എസ്.എഫിെൻറയും എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചെന്ന വാർത്തക്കുറിപ്പ് പാർട്ടി മുഖപത്രത്തിലാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ, നടപടിയെടുത്തതിെൻറ ഔദ്യോഗിക പത്രക്കുറിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
സംസ്ഥാന ഭാരവാഹിക്കെതിരെ നടപടിയെടുത്തത് എം.എസ്.എഫ് നേതൃത്വത്തോട് കൂടിയാലോചിക്കാതെയാണെന്ന് ആക്ഷേപമുണ്ട്. നടപടി ആവശ്യപ്പെട്ട് ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരുന്നില്ലെന്നാണ് സൂചന. വിശദീകരണം ചോദിക്കാതെ നടപടിയെടുത്തതിൽ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾക്കും അമർഷമുണ്ട്. ജില്ലയിൽ എം.എസ്.എഫിെൻറ ചാർജ് വഹിക്കുന്ന ജില്ല സെക്രട്ടറിയെ ബന്ധപ്പെട്ടെങ്കിലും ഇത്തരത്തിലൊരു കാര്യം അറിയില്ലെന്ന മറുപടിയാണ് നൽകിയതെന്ന് ഷൈജൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ല ലീഗ് നേതൃത്വം യോഗം ചേരുകയോ, മിനിറ്റ്സ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ഇത്തരത്തിലൊരു നിർദേശം എവിടുന്ന് പോയെന്നറിയില്ല. വിഷയത്തിൽ വരുംദിവസങ്ങളിൽ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമായതോടെ ജില്ല കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഷൈജലിനെതിരെ നടപടിയെടുത്തതെന്ന് കൽപറ്റ നിയോജകമണ്ഡലം പ്രസിഡൻറ് റസാഖ് കൽപറ്റ പറഞ്ഞു.

