തലേന്ന് വരെ പേര് പുറത്തുവിട്ടില്ല, ഉദ്ഘാടന ദിവസം എ.ബി. വാജ്‌പേയി മുനിസിപ്പല്‍ ബസ് സ്റ്റാൻഡ് എന്ന ബോർഡ് തൂക്കി, കോൺഗ്രസ് എം.പി ഉദ്ഘാടനവും ചെയ്തു, ഒപ്പം വിവാദവും
text_fieldsമഹാത്മാഗാന്ധി ടെർമിനൽ എന്ന പേരിടണമെന്നാവശ്യപ്പെട്ട് നാഷനൽ ജനതാദൾ പ്രവർത്തകർ പ്രതിഷേധിക്കുന്നു. ഉദ്ഘാടന ചടങ്ങിനെത്തിയ വി.കെ ശ്രീകണ്ഠൻ എം.പി
പാലക്കാട്: പാലക്കാട് നഗരസഭ മുനിസിപ്പൽ ബസ് ടെർമിനൽ തുറന്നതിന് പിന്നാലെ പേര് വിവാദം. ഉദ്ഘാടനചടങ്ങിന് തലേന്ന് വരെ ടെർമിനലിന്റെ പേര് പുറത്തുവിടാതിരുന്ന നഗരസഭ അധികൃതർ, ഉദ്ഘാടന ദിവസം എ.ബി. വാജ്‌പേയി മുനിസിപ്പല്‍ ബസ് സ്റ്റാൻഡ് എന്ന ബോർഡ് തൂക്കി. നഗരസഭക്ക് മുമ്പിലും വാജ്പേയ് ബസ് ടെർമിനലിന് അഭിവാദ്യമർപ്പിച്ച് ബി.ജെ.പി ബോർഡ് സ്ഥാപിച്ചു.
വി.കെ ശ്രീകണ്ഠൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 2.26 കോടി രൂപ ചെലവിലാണ് ടെർമിനൽ നിർമിച്ചത്. നഗരസഭയുടെ 1.10 കോടി ഉപയോഗിച്ച് കംഫർട്ട് സ്റ്റേഷൻ, യാർഡ്, ടെർമിനലിനകത്ത് പൊലീസ് എയ്ഡ് പോസ്റ്റ്, ടെർമിനലിലും സ്റ്റാൻഡിനകത്തും ലൈറ്റുകൾ, ബസുകൾ നിർത്തുന്നിടത്ത് സ്റ്റോപ്പർ തുടങ്ങിയവ ഒരുക്കിയിരുന്നു. നിർമാണത്തിന്റെ പല ഘട്ടത്തിലും ബസ്‍സ്റ്റാൻഡ് പൂർത്തീകരണത്തിൽ നഗരസഭ മെല്ലെപ്പോക്കിലായിരുന്നു.
ഉദ്ഘാടനചടങ്ങിന് മുമ്പ് ടെർമിനലിന് വേണ്ടി നിരന്തരം പ്രക്ഷോഭം നടത്തിയിരുന്ന നാഷനൽ ജനതാദൾ പ്രവർത്തകർ മഹാത്മാഗാന്ധി ടെർമിനൽ എന്ന പേരിടണമെന്നാവശ്യപ്പെട്ട് മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. പിന്നീട് ഉദ്ഘാടനം ചെയ്യാൻ വി.കെ. ശ്രീകണ്ഠൻ എം.പി വന്നതോടെ പ്രതിഷേധമടങ്ങി. ഉദ്ഘാടനം ചെയ്ത എം.പിയാകട്ടെ എ.ബി വാജ്‌പേയിയുടെ പേര് നൽകിയതുമായി ബന്ധപ്പെട്ട ഒന്നും പരാമർശിച്ചില്ല. മുഖ്യാതിഥി ആകേണ്ടിയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അഭാവവും ചടങ്ങിൽ പ്രതിപാദിക്കപ്പെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

