
മോൻസണിന്‍റെ ചെമ്പോലയെ ചൊല്ലി വിവാദം; തൃശൂരിലെ വീട്ടിൽനിന്ന് വാങ്ങി നൽകിയതാണെന്ന് സന്തോഷ്
text_fieldsകൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിെൻറ പുരാവസ്തു ശേഖരത്തിലെ ചെമ്പോലയിൽ പുതിയ വിവാദം. ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട് തീട്ടൂരം എന്ന രീതിയിൽ മോൻസൺ ഇത് നേരത്തേ പരിചയപ്പെടുത്തുകയും ശബരിമല വിവാദകാലത്ത് ചർച്ചയാവുകയും ചെയ്തിരുന്നു.
മോൻസണിന് പുരാവസ്തുക്കൾ കൈമാറിയ സന്തോഷ് ഈ രേഖ താൻ തൃശൂരിലെ ഒരു വീട്ടിൽനിന്ന് വാങ്ങി നൽകിയതാണെന്ന് വെളിപ്പെടുത്തിയതോടെ ശബരിമല വിവാദങ്ങൾ വീണ്ടും ഉയരുകയാണ്. ചെമ്പോല കൈമാറുമ്പോൾ ഇതിന് ശബരിമല ആചാരങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് സന്തോഷ് വ്യക്തമാക്കുന്നു.
എഴുത്തോലകൾക്കിടയിൽ ചെമ്പോല കൗതുകമായതുകൊണ്ടാണ് ഇത് എടുത്തത്. പിന്നീട് മോൻസണിന് കൈമാറുകയായിരുന്നുവെന്നും സന്തോഷ് പറയുന്നു. ശബരിമലയിലെ ആചാരങ്ങൾ നടത്താൻ ചീരപ്പൻചിറ കുടുംബത്തെ അവകാശപ്പെടുത്തിയ പന്തളം രാജകൊട്ടാരത്തിെൻറ ഉത്തരവെന്ന രീതിയിലാണ് മോൻസൺ പിന്നീട് ഇത് പ്രചരിപ്പിച്ചത്.
പുതിയ വെളിപ്പെടുത്തൽ വന്നതോടെ ബി.ജെ.പി ഉൾപ്പെടെ ഇത് രാഷ്ട്രീയ വിവാദമാക്കുകയാണ്. അതേസമയം, പുരാവസ്തു വകുപ്പ് മോൻസണിെൻറ വീട്ടിൽ നടത്തിയ പരിശോധനയുടെ സമഗ്ര റിപ്പോർട്ട് അടുത്തയാഴ്ച കൈമാറും. പഴയ ലിപികൾ കൊത്തിവെച്ച ചെമ്പോലയാണിതെന്നും ആചാരപരമായി ഇതിൽ ഒന്നും വ്യക്തമല്ലെന്നും പറയപ്പെടുന്നു.
പന്തളം കൊട്ടാരം ഉൾപ്പെടെ ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പുരാവസ്തു വകുപ്പ് നൽകുന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാകും ക്രൈംബ്രാഞ്ച് തുടർ നടപടിയെടുക്കുക. ആധികാരികത തെളിഞ്ഞില്ലെങ്കിൽ മോൻസണിനെതിരെ വേറെയും കേസുകൾ എടുക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
