ബസ് സ്റ്റോപ്പ് നിർമിക്കുന്നതിനെ സംബന്ധിച്ച തർക്കം: സി.പി.എം നേതാക്കൾക്കെതിരെ കത്തെഴുതിവെച്ച് മധ്യവയസ്കൻ തൂങ്ങി മരിച്ചു
text_fieldsപത്തനംതിട്ട: പഞ്ചായത്തിന്റെ വെയ്റ്റിങ് ഷെഡ് വിപുലീകരിക്കുന്നതുമായി ബന്ധപ്പെഒട്ട തർക്കത്തെ തുടർന്ന് മധ്യവയസ്കൻ തൂങ്ങിമരിച്ചു. പത്തനംതിട്ട പെരുനാട് മടുത്തുമൂഴി സ്വദേശി ബാബു മേലേതിൽ ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്ന നാട്ടുകാരാണ് മൃതദേഹം കണ്ടത്.
ബാബു ധരിച്ച ഷർട്ടിന്റെ പോക്കറ്റിൽ നിന്നു കിട്ടിയ കുറിപ്പിൽ മരണകാരണം വീടിനകത്തെ ഡയറിയിൽ എഴുതി വച്ചതായി പറഞ്ഞിരുന്നു. തുടർന്ന് വീടിന് അകത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഡയറി കണ്ടെത്തി.
ഡയറിയിൽ ആത്മഹത്യക്ക് ഉത്തരവാദി സി.പി.എം നേതാക്കളാണ് എന്ന് ആരോപിക്കുന്നു. സി.പി.എം നേതാവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്. മോഹനൻ, സി.പി.എം ലോക്കൽ സെക്രട്ടറി റോബിൻ എന്നിവർ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.
ബാബുവിന്റെ വീടിനോട് ചേർന്ന സ്ഥലത്ത് പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിനെ ചൊല്ലിയാണ് തർക്കം നിലനിന്നത്. നേരത്തെ ബാബുവിന്റെ സ്ഥലമേറ്റെടുത്ത് ബസ് സ്റ്റോപ്പ് സ്ഥാപിച്ചിരുന്നു. കൂടുതൽ സ്ഥലമേറെറടുത്ത് ശൗചാലയം ഉൾപ്പെടെ സ്ഥാപിക്കാനുള്ള പദ്ധതി ബാബു അംഗീകരിച്ചില്ല. തുടർന്ന് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബാബു കുറിച്ചു.
ബാബു നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം പി.എസ്.മോഹനന്റെ മകനായ കെട്ടിട കോൺട്രാക്ടാറെ ഏൽപിച്ചാൽ ബാങ്കിൽ നിന്നും വായ്പ തരപ്പെടുത്തി നൽകാം എന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും മറ്റൊരാൾക്ക് കരാർ നൽകിയതോടെ മോഹനനും റോബിനും തന്നോട് പക കൂടിയെന്നും ഡയറിയിൽ പറയുന്നു. ഡയറിയിലെ പേജിന്റെ പകർപ്പ് മാധ്യമങ്ങളെ ഏൽപ്പിക്കണമെന്നും കത്തിലുണ്ട്.
ബാബു സി.പി.എം അനുഭാവിയാണെന്ന് നാട്ടുകാർ പറയുന്നു. ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം ബാബുവിന്റെതാണോ എന്ന് പരിശോധിക്കും.
അതേസമയം, ബാബുവിനെ ഉപദ്രവിച്ചിട്ടില്ലെന്ന് റോബിനും മോഹനനും പറഞ്ഞു. ബസ് സ്റ്റോപ്പ് നിർമിക്കുന്നത് ബാബുവിന്റെ സ്ഥലത്തല്ല. പിന്നെ ആത്മഹത്യാകുറിപ്പിലെ ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മോഹനൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

