അംഗൻവാടികളിലെ നിയമനത്തെച്ചൊല്ലി തർക്കം; വനിത ശിശുക്ഷേമ ഓഫിസ് ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്തംഗം പൂട്ടിയിട്ടു
text_fieldsമങ്കട ബ്ലോക്ക് വനിത ശിശു വികസന ഓഫിസ് ബ്ലോക്ക് പഞ്ചായത്ത് അംഗം പൂട്ടിയിട്ട നിലയിൽ
മങ്കട: അംഗൻവാടികളിൽ നിയമനം നടക്കാത്തതിനെച്ചൊല്ലിയുള്ള വാക്കേറ്റത്തെ തുടർന്ന് വനിത ശിശുവികസന ഓഫിസ് ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്ത് അംഗം പൂട്ടിയിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വനിത ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മങ്കട ബ്ലോക്ക് വനിത ശിശുവികസന ഓഫിസാണ് വെങ്ങാട് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷറഫുദ്ദീൻ പൂട്ടിയിട്ടത്. വനിത ജീവനക്കാരടക്കം ഏഴുപേരാണ് ഓഫിസിൽ ഉണ്ടായിരുന്നത്.
ബുധനാഴ്ച ഉച്ചക്ക് രണ്ടേകാലോടെയാണ് സംഭവം. പലതവണ നിവേദനവും പരാതികളും നൽകിയിട്ടും അംഗൻവാടികളിൽ നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് പി. ഷറഫുദ്ദീൻ ഓഫിസിലെത്തി ജീവനക്കാരുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓഫിസ് പുറത്തുനിന്ന് പൂട്ടുകയുമായിരുന്നു. മൂന്നരയോടെ നിവേദനം നൽകാനെത്തിയ കുറുവ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളാണ് ഓഫിസ് തുറന്നത്.
തുടർന്ന് സി.ഡി.പി.ഒയുമായി ബന്ധപ്പെട്ട് അനുരജ്ഞന ചർച്ച നടത്തി. രണ്ട് മാസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് തീരുമാനമായി. ഇതിനിടെ, വനിത ജീവനക്കാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും കൊളത്തൂർ പൊലീസ് ഇവരെ ആശുപത്രിയിലാക്കുകയും ചെയ്തു. സംഭവത്തിൽ കൊളത്തൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

