അയ്യപ്പസംഗമം; കണക്കിൽ ‘കളി’, ചെലവിൽ തലയൂരാനും നീക്കം
text_fieldsതിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കിനെ ചൊല്ലി വിവാദം കത്തുന്നു. സംഗമത്തിന്റെ വരവ്-ചെലവുകളിലെ പൊരുത്തക്കേടുകളും സംഘാടനവുമായി ബന്ധപ്പെട്ട് ഇനിയും കോടികൾ നൽകാനുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ടുമെല്ലാം ചർച്ചയാകുകയാണ്.
ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്ന് ഒരു പൈസയും ചെലവായില്ലെന്ന് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്ത് പറയുമ്പോൾ, ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ കണക്കുകൾ ഉൾപ്പെടെ സ്പെഷൽ കമീഷണർ ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കണക്കിലെ പൊരുത്തക്കേട് തുറന്നുകാണിക്കുന്നതാണ്. സർക്കാരാകട്ടെ എല്ലാം ദേവസ്വം ബോർഡിന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിലുമാണ്.
ഹൈകോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകാതിരിക്കാൻ ചെലവുകളിൽ നിന്ന് തലയൂരാനുള്ള നീക്കത്തിലാണ് കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള നിലവിലെ ബോർഡ് ഭരണസമിതി. കൃത്യമായ കണക്ക് ബോർഡാണ് പറയേണ്ടതെന്ന് പറഞ്ഞ് ദേവസ്വം മന്ത്രി വി.എൻ. വാസവനും കൈകഴുകി. ഫലത്തിൽ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബോർഡിനെ പ്രതിക്കൂട്ടിലാക്കുന്ന നിലക്കാണ് കാര്യങ്ങൾ. ഈ മാസം 17ന് നടക്കുന്ന ദേവസ്വം ബോർഡ് യോഗം നിർണായകമാകും.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കൂറ്റൻ പന്തലുൾപ്പെടെ നിർമ്മിച്ച ഊരാളുങ്കൽ അടക്കമുള്ള സ്ഥാപനങ്ങളോട് തുക കുറക്കാൻ ആവശ്യപ്പെടാനാണ് ദേവസ്വം ബോർഡ് നീക്കം. സ്പോൺസർമാരിൽ നിന്ന് കിട്ടേണ്ട പണം നേടിയെടുക്കാനും ശ്രമം തുടങ്ങും. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ബോർഡിൽ നിന്ന് പണമെടുത്താണ് അയ്യപ്പ സംഗമം നടത്തിയതെന്ന് തെളിഞ്ഞാൽ ഹൈകോടതിയിൽ നിന്നുണ്ടായേക്കാവുന്ന വിമർശനവും നടപടിയും ബോർഡ് ഭയക്കുന്നുമുണ്ട്. ഭക്ഷണം വിളമ്പിയതിൽ വലിയ ധൂർത്ത് നടന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

