സോളാർ; ഫിക്സഡ് ചാർജിനെച്ചൊല്ലിയും പോര്
text_fieldsതിരുവനന്തപുരം: പുനരുപയോഗ ഊർജ ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾക്കിടെ ഫിക്സഡ് ചാർജ് പിരിവുമായി ബന്ധപ്പെട്ടും പോര് മുറുകുന്നു. പുരപ്പുറ സോളാർ പ്ലാൻറുകളിൽനിന്ന് ഉൽപാദിപ്പിച്ച് വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതികൂടി കണക്കാക്കി ഫിക്സഡ് ചാർജ് ഈടാക്കുന്ന കെ.എസ്.ഇ.ബി നടപടിക്കെതിരെ സൗരോർജ ഉൽപാദകർ റഗുലേറ്ററി കമീഷനെ സമീപിച്ചു.
വിതരണ കമ്പനിയുടെ സ്ഥിരം ചെലവുകളിൽ ഉൾപ്പെടുത്തി ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന നിരക്കാണ് ഫിക്സഡ് ചാർജ്. ഇത് നേരത്തേ കെ.എസ്.ഇ.ബിയുടെ ഗ്രിഡിൽനിന്ന് സ്വീകരിക്കുന്ന വൈദ്യുതിക്ക് (ഇംപോർട്ട്) മാത്രം വാങ്ങിയിരുന്നതാണ്. 2022 നവംബർ-ഡിസംബർ മുതൽ സോളാർ പ്ലാൻറിൽ ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്നതും ഗ്രിഡിൽനിന്ന് ഉപയോഗിക്കുന്നതുമായ മൊത്തം വൈദ്യുതിയും കണക്കാക്കി ‘ആകെ പ്രതിമാസ ഉപഭോഗം’ എന്ന കണക്കിൽ ഫിക്സഡ് ചാർജ് ഈടാക്കിത്തുടങ്ങി.
വീടുകളിൽ പണംമുടക്കി സജ്ജമാക്കുന്ന സോളാർ പ്ലാൻറിൽ ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്ന വൈദ്യുതിയുടെ പേരിൽ കെ.എസ്.ഇ.ബിക്ക് അധിക ചെലവില്ലെന്നിരിക്കെ ഇതുകൂടി കണക്കാക്കി ഫിക്സഡ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഉൽപാദകരുടെ വാദം. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഉൽപാദകർ ഹൈകോടതിയെ സമീപിച്ചിരുന്നു.
റെഗുലേറ്ററി കമീഷനെ സമീപിക്കണമെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തെളിവുകൾ നിരത്തി പുരപ്പുറ സോളാർ ഉടമകളുടെ കൂട്ടായ്മയായ കെ.ഡി.എസ്.പി.സി പരാതി സമർപ്പിച്ചത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തിൽ തങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതിയേക്കാൾ അധിക തുക കെ.എസ്.ഇ.ബി കൈവശംവെച്ചിരുക്കുകയാണെന്നും പരാതിയിലുണ്ട്.
കെ.എസ്.ഇ.ബിയുടെ ഗ്രിഡിൽനിന്ന് ഉപയോഗിക്കുന്ന വൈദ്യുതി മാത്രം കണക്കാക്കി സെക്യൂരിറ്റി ഡെപ്പോസിറ്റ് പരിമിതപ്പെടുത്തണമെന്നും അധികതുക പലിശസഹിതം തിരികെ നൽകണമെന്നുമാണ് ആവശ്യം. എന്നാൽ, ഉൽപാദകരുടെ വാദം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. 27ന് രാവിലെ കമീഷൻ കോർട്ട് ഹാളിലാണ് തെളിവെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

