ഇടത് ചുവരെഴുത്ത് മായുമ്പോൾ തെളിയുന്നത് വിവാദം
text_fieldsകൊച്ചി: സ്ഥാനാർഥിയെ വ്യാഴാഴ്ച പ്രഖ്യാപിച്ച് എൽ.ഡി.എഫ് മുഖം രക്ഷിച്ചെങ്കിലും ചുവരെഴുത്ത് മായ്ച്ച് മറ്റൊരു പേരെഴുതേണ്ടി വന്നതിന്‍റെ ഞെട്ടലിലാണ് തൃക്കാക്കരയിലെ അണികൾ. ഈ അനിശ്ചിതാവസ്ഥ അണികളിൽ സൃഷ്ടിച്ച മരവിപ്പ് ചെറുതല്ലെന്നാണ് വിവരങ്ങൾ. പാർട്ടി ജില്ല കമ്മിറ്റിയംഗം രംഗത്തിറങ്ങുന്നതിന്‍റെ ആവേശത്തിലായിരുന്ന പ്രവർത്തകർ. പുതിയ സ്ഥാനാർഥി പ്രവർത്തകർക്ക് എത്രത്തോളം സ്വീകാര്യനാണെന്ന് വ്യക്തമാകാൻ ദിവസങ്ങളെടുക്കും. ഒരു പേര് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂവെന്ന് ന്യായീകരിച്ച് നേതൃത്വത്തിന് തടിതപ്പാമെങ്കിലും പാർട്ടി ജില്ല- സംസ്ഥാന ഘടകങ്ങൾ തമ്മിൽ ഭിന്നതയുണ്ടെന്ന വാദം ശരിവെക്കുന്നതാണ് ഇത്തരം സംഭവ വികാസങ്ങൾ.
തൃക്കാക്കരയിൽ പാർട്ടി സ്ഥാനാർഥിയുണ്ടാകില്ലെന്ന സൂചനയോടെയാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി സി.പി.എം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയത്. ചർച്ചകൾ പുരോഗമിക്കവേ പാർട്ടി നേതൃനിരയിലുള്ളയാൾ തന്നെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവർത്തകർ. ജില്ല കമ്മിറ്റി കെ. എസ്. അരുൺകുമാറിന്‍റെ പേര് മാത്രമാണ് നിർദേശിച്ചതെന്നാണ് അറിയുന്നത്. ഇത് അംഗീകരിക്കാത്ത നിലപാടാണ് തുടക്കം മുതൽ സംസ്ഥാന ഘടകം പ്രതിനിധികൾ പുലർത്തിയത്.
പൊതുസമ്മതൻ എന്ന അജണ്ടയിലാണ് നിലയുറപ്പിച്ചത്. ഉമ തോമസ് യു.ഡി.എഫ് സ്ഥാനാർഥിയായതോടെ കടുത്ത മത്സരം ഉറപ്പാക്കാൻ അരുൺകുമാറിനെ മത്സരിപ്പിക്കുമെന്ന പ്രതീതിയാണ് പൊതുവേ ഉണ്ടായത്. അനുകൂല രീതിയിലുള്ള പ്രതികരണം ജില്ല നേതൃത്വത്തിൽനിന്ന് ഉണ്ടായതിനെ തുടർന്നാണ് ബുധനാഴ്ച അരുൺ കുമാറിന്‍റെ പേര് സ്ഥാനാർഥി എന്ന നിലയിൽ പുറത്തുവന്നതെന്നാണ് വ്യക്തമാകുന്നത്. ജില്ല ഘടകത്തെ മറികടന്ന് പൊതുസമ്മതനെന്ന പേരിൽ അനുയോജ്യരല്ലാത്തവരെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് തടയിടലും ലക്ഷ്യമായിരുന്നു.
അരുൺ കുമാറിന്‍റെ പേര് ചുവരെഴുത്തായി പോലും പ്രചരിച്ചതോടെ സ്ഥാനാർഥി നിർണയ കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജനും പി. രാജീവും ക്ഷോഭത്തോടെയാണ് ഇത് തള്ളിയത്. പാർട്ടിയുമായി ബന്ധമുണ്ടെന്ന പേരിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന അറിയിപ്പോടെയാണ് ഡോ. ജോ ജോസഫിനെ ഇ.പി. ജയരാജൻ അവതരിപ്പിച്ചത്.
മണ്ഡലത്തിലോ പാർട്ടി അണികൾക്കിടയിലോ പരിചിതനല്ലാത്ത ജോ ജോസഫിനെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നത് അണികളിലെ ആവേശം ചോരാതിരിക്കാനുള്ള തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാർഥിയെ സഭ നിർദേശിച്ചതാണെന്ന തരത്തിലും വിമർശനങ്ങളുയരുന്നുണ്ട്.
പൊതുതെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ ഇതേ ആരോപണം ഉയർന്നിരുന്നു. ഡോ. ജോ ജോസഫ് കെ.വി. തോമസിന്‍റെ നോമിനിയാണെന്ന വിമർശനവുമുണ്ട്. തൃക്കാക്കരയെ എൽ.ഡി.എഫ് 'വീണ്ടും' പേമെന്‍റ് സീറ്റാക്കിയെന്ന വിമർശനം അതിരൂക്ഷമാണ്.
തൃക്കാക്കര പോലെ വികസനം പ്രധാന അജണ്ടയായ മണ്ഡലത്തിൽ രാഷ്ട്രീയ ഇതര വോട്ടുകൾ നേടാൻ എന്ത് കൊണ്ടും യോഗ്യനായ സ്ഥാനാർഥിയെയാണ് അവതരിപ്പിച്ചതെന്ന ആത്മവിശ്വാസമാണ് എൽ.ഡി.എഫ് നേതൃത്വം പ്രകടിപ്പിക്കുന്നത്. പുതുമുഖമായ സ്വതന്ത്രനോട് മത്സരിച്ച പി.ടി. തോമസ് പോലും 15000ൽ താഴെ വോട്ടുകൾക്കാണ് വിജയിച്ചത്. പ്രചാരണം മുറുകുന്നതോടെ മണ്ഡലത്തിലെ വോട്ടർമാരെ വ്യക്തിത്വം കൊണ്ട് സ്വാധീനിക്കാൻ സ്ഥാനാർഥിക്ക് കഴിയുമെന്നും വിജയമുറപ്പിക്കാനാവുമെന്നുമുള്ള കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്.