ഡി.എഫ്.ഒയുടെ സ്ഥലംമാറ്റത്തെച്ചൊല്ലി വിവാദം മുറുകുന്നു
text_fieldsകാസർകോട്: എൻ.സി.പിയുടെ സമ്മർദം കാരണം ഡി.എഫ്.ഒ പി. ധനേഷ് കുമാറിനെ മാറ്റിയതിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മിടുക്കനായ ഒരാളെ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പി. ധനേഷ് കുമാറിനെ ജില്ലക്ക് ലഭിച്ചതെന്നും സ്ഥലംമാറ്റിയ നടപടി പിൻവലിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വനംവകുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങളാണ് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കാൻ പോകുന്നത്.
ചുരുങ്ങിയ കാലയളവിൽതന്നെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയ ഡി.എഫ്.ഒയാണിദ്ദേഹമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഒരിക്കൽ സ്ഥലംമാറ്റാൻ ശ്രമിച്ചപ്പോൾ സർക്കാറിൽ കത്ത് നൽകിയ കാര്യവും സി.എച്ച്. കുഞ്ഞമ്പു മുഖ്യമന്ത്രിയെ ഓർമപ്പെടുത്തി. എൻ.സി.പി നേതാക്കളുടെ ചട്ടവിരുദ്ധ ശിപാർശകൾ തള്ളിയതിനാലാണ് സംസ്ഥാനത്തെ തന്നെ മികച്ച വനം വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ധനേഷ് കുമാറിനെ ഡി.എഫ്.ഒ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം നീക്കിയത്.
വനംവകുപ്പിലെ 47 താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടണമെന്ന ആവശ്യത്തിലാണ് വനം വകുപ്പ് കൈയാളുന്ന എൻ.സി.പിയും ഡി.എഫ്.ഒയും തമ്മിൽ ഉടക്കിയത്. എൻ.സി.പിയുടെ ഈ ആവശ്യം ഡി.എഫ്.ഒ തള്ളിയതിനാൽ ഇദ്ദേഹത്തെ മാറ്റുമെന്ന ഭീഷണിയും നേതാക്കൾ മുഴക്കിയിരുന്നു. വേണ്ടപ്പെട്ടവരുടെ ക്വാറി അപേക്ഷയിൽ എൻ.ഒ.സി നൽകുന്നതും ഡി.എഫ്.ഒ നിരസിച്ചു. ഇതിന്‍റെയെല്ലാം തുടർച്ചയായാണ് ഡി.എഫ്.ഒയെ തെറിപ്പിച്ചത്.
ജില്ലയിലെ തന്നെ സാമൂഹിക വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്ററായാണ് നിയമിച്ചത്. ആ തസ്തികയിലുള്ള പി. ബിജുവിനെ ഡി.എഫ്.ഒ ആയും നിയമിച്ചാണ് ഉത്തരവിറങ്ങിയത്. മുട്ടിൽ മരംമുറിയിൽ പ്രമുഖരുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥനായിരുന്നു ധനേഷ് കുമാർ. അടുത്ത ദിവസം വിഷയം നിയമസഭയിൽ യു.ഡി.എഫ് ഉന്നയിക്കും. ഇടതുമുന്നണിയിൽ സി.പി.എമ്മിനുപുറമെ സി.പി.ഐയും എൻ.സി.പി നടപടിയിൽ അസംതൃപ്തരാണ്. വാച്ചർ തസ്തികയിൽ നിയമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സി.പി.ഐക്കാരാണ് എന്നതും എൻ.സി.പിക്ക് തിരിച്ചടിയാണ്.