ദാറുൽഹുദയിൽനിന്ന് പ്രചരിപ്പിക്കുന്നത് ബഹുസ്വരതക്ക് നിരക്കാത്ത ആശയങ്ങളെന്ന്; സി.പി.എം നേതാവിന്റെ പ്രസംഗം വിവാദത്തിൽ
text_fieldsതിരൂരങ്ങാടി: പാരിസ്ഥിതിക-കുടിവെള്ളപ്രശ്നം സൃഷ്ടിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞദിവസം സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി ചെമ്മാട് ദാറുൽഹുദയിലേക്കു നടത്തിയ മാർച്ചിനിടെ നടത്തിയ പ്രസംഗം വിവാദമാകുന്നു. സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം ടി. കാർത്തികേയന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. വിവാദപ്രസ്താവന ഇതിനകം സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്.
സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമായ ബഹാവുദ്ദീൻ നദ് വിക്കെതിരെയാണ് രൂക്ഷമായ ഭാഷയിൽ പ്രസംഗത്തിൽ പ്രതികരിച്ചത്. നാടിന്റെ ബഹുസ്വരതക്ക് നിരക്കാത്ത സിദ്ധാന്തങ്ങളും ആശയങ്ങളുമാണ് ദാറുൽഹുദയിൽനിന്ന് പ്രചരിപ്പിക്കുന്നതെന്ന് കാർത്തികേയൻ പ്രസംഗത്തിൽ ആരോപിച്ചു. ചില താലിബാനിസ്റ്റുകൾ സോഷ്യലിസ്റ്റ് ചേരിയെ തകർക്കുന്നതിനുവേണ്ടി സാമ്രാജ്യത്വ ഏജന്റായി ഇസ്ലാമിനെ ഉപയോഗപ്പെടുത്തുന്നു. ഇതിന് ജമാഅത്തെ ഇസ്ലാമിയും ചില സലഫി ഗ്രൂപ്പുകളും മുന്നിൽ നിൽക്കുന്നുവെന്നും കാർത്തികേയൻ പറഞ്ഞു.
ബഹാവുദ്ദീൻ നദ്വിക്ക് സി.പി.എമ്മിന്റെ ചുവന്ന കൊടി കാണുമ്പോൾ കൃമികടിയാണെന്നും അദ്ദേഹം ലീഗിന്റെ കോളാമ്പിയായാണ് സംസാരിക്കുന്നതെന്നും മറ്റൊരു സി.പി.എം ഏരിയ കമ്മിറ്റി അംഗമായ സി. ഇബ്രാഹിംകുട്ടി പറഞ്ഞതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പാരിസ്ഥിതികപ്രശ്നം പറഞ്ഞ് സി.പി.എം നടത്തിയ മാർച്ച് വ്യക്തികളെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള സമരമായിത്തീർന്നെന്നും ഇസ്ലാമോഫോബിക് വളർത്തുന്ന രീതിയിലുള്ള പ്രസ്താവനകളെക്കൊണ്ട് നിറഞ്ഞതാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
മാനി പാടത്ത് മണ്ണിട്ടുനികത്തിയ വേറെയും സ്ഥാപനങ്ങൾ ഉണ്ടായിരിക്കെ ദാറുൽഹുദയിലേക്കു മാത്രം നടത്തിയ മാർച്ച് ദുരുദ്ദേശ്യപരമാണെന്നാണ് വിലയിരുത്തൽ. എൽ.ഡി.എഫിലെ മറ്റു ഘടകകക്ഷികൾക്ക് മുറുമുറുപ്പുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

