'ചതിയുടെ മുഖ്യ ആയുധം അവന്റെ കള്ളച്ചിരി, തോളിൽ കൈയിട്ട് നടന്നവന്റെ കുത്തിന് ആഴമേറും'; രാഹുലിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ അബിൻ വർക്കിയെന്ന്, പോരിന് പിന്നാലെ അഡ്മിൻ ഗ്രൂപ്പ് പൂട്ടി
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനിടയായ സാഹചര്യത്തെ ചൊല്ലി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സ് ആപ്പ് ഗ്രൂപ്പിൽ കനത്ത പോര്. രാഹുൽ പക്ഷവും അബിൻ വർക്കി പക്ഷവും ഏറ്റുമുട്ടിയതോടെ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഓൺലിയാക്കി നേതൃത്വം. രാഹുലിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ അബിൻ വർക്കിയാണെന്ന പരോക്ഷ വിമർശനമാണ് ഉയർന്നത്.
'തോളിൽ കൈയിട്ട് നടന്നവന്റെ കുത്തിന് ആഴമേറും' എന്ന ക്യാപ്ഷനോടെ ബാഹുബലി സിനിമയിലെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രമുള്ള പോസ്റ്ററാണ് അബിൻ വർക്കിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ പങ്കുവെച്ചത്. പിന്നിൽ നിന്ന് കുത്തിയ കട്ടപ്പമാരെ നേതാവായി അംഗീകരിക്കില്ലെന്നാണ് രാഹുലിനെ അനുകൂലിക്കുന്നവർ ഗ്രൂപ്പിൽ പറയുന്നത്.
'ചതിയുടെ മുഖ്യ ആയുധം അവന്റെ കള്ള ചിരി തന്നെയാണ് .. തിരിച്ചറിയാൻ പറ്റാത്ത ചിരി... ആട്ടിൻ തോലിന് പകരം പച്ച തത്തയുടെ കുപ്പായം അണിഞ്ഞ ചെന്നായ അവരെ ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല...' എന്നാണ് ഒരാളുടെ കമന്റ്. 'പ്രസിഡന്റിനെ കൊത്തി പറക്കാൻ ഇട്ടുകൊടുത്തിട്ട് കസേര സ്വപ്നം കാണുന്ന ഒറ്റുകാരോട് ഒരു കാര്യം. ആ പൂതി മനസിൽ വെച്ചാൽ മതി'.. എന്ന് മറ്റൊരാൾ. 'കഥ മെനയലുകളഉം, സൂത്രത്തിൽ കസേര ഒപ്പിക്കാനായുള്ള പോസ്റ്റർ വിപ്ലവങ്ങളും തുടരട്ടെ.. നമുക്ക് കാണാം..', എന്നുള്ള കമന്റുമുണ്ട്. തർക്കം അതിര് വിട്ടതോടെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലിയാക്കുകയായിരുന്നു ദേശീയ നേതൃത്വം.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയായി തുടരും. എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളുകയായിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.
പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആരാകും എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. രാഹുലിന് പിന്നാലെ അബിൻ വർക്കി അധ്യക്ഷനാകുമെന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മറ്റുപേരുകളും ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.
കഴിഞ്ഞതവണ അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ അബിന്റെ പേരാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. അഭിജിത്ത്, ബിനു ചുള്ളിയിൽ തുടങ്ങിയവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

