വിവാദങ്ങൾ തിരിച്ചടിയായില്ല; സഹകരണ നിക്ഷേപത്തിൽ റെക്കോഡ് നേട്ടം
text_fieldsതിരുവനന്തപുരം: വിവാദങ്ങൾക്കിടെ സഹകരണമേഖലയുടെ കരുത്ത് വെളിപ്പെടുത്തി റെക്കോഡ് നേട്ടവുമായി സഹകരണ ബാങ്കുകൾ. 44 ാമത് നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ തുക സമാഹരിക്കാൻ ബാങ്കുകൾക്കായി. 9,000 കോടി രൂപ സമാഹരിക്കാനാണ് ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെയുള്ള കാമ്പയിൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 23263.73 കോടി സമാഹരിക്കാനായതായി മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 20,055 കോടി ജില്ല സഹകരണ ബാങ്കുകളും 3208 കോടി കേരള ബാങ്കുമാണ് സമാഹരിച്ചത്. കൂടുതൽ പുതിയ നിക്ഷേപം സമാഹരിച്ചത് കോഴിക്കോട് ജില്ലയിലെ ബാങ്കുകളാണ്. 850 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് 4347 കോടി സമാഹരിക്കാൻ കോഴിക്കോടിനായി. രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം 2692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിൽ 2569.76 കോടി രൂപയുടെ നിക്ഷേപം എത്തി.
നാലാം സ്ഥാനത്തുള്ള പാലക്കാട് ജില്ല 1398.07 കോടി രൂപയും അഞ്ചാം സ്ഥാനത്ത് എത്തിയ കൊല്ലം 1341.11 കോടി രൂപയുമാണ് സമാഹരിച്ചത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി , രജിസ്ട്രാർ ടി.വി. സുഭാഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

