വിവാദ മരംമുറി കേസ്: ആരോപണവിധേയരെ സംരക്ഷിക്കാൻ ചരടുവലി സജീവം
text_fieldsതിരുവനന്തപുരം: വിവാദ മരംമുറി കേസുകളിൽ ആരോപണവിധേയരെ സംരക്ഷിക്കാൻ വനംവകുപ്പിൽ ചരടുവലികൾ സജീവം. വകുപ്പിലെ ഉന്നതർ ഉൾപ്പെടെ ഇത്തരം സംഘങ്ങളുമായി നിരന്തരം ഇടപെടുന്നുവെന്നതിെൻറ തെളിവാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ സ്ഥലംമാറ്റ ഉത്തരവ്. വകുപ്പ് മന്ത്രിയറിയാതെ പുറത്തിറങ്ങിയ ഉത്തരവ്, നിയമസഭ സമ്മേളനം അവസാനിക്കുന്നതുവരെ മന്ത്രി ഇടപെട്ട് മരവിപ്പിച്ചിരിക്കുകയാണ്. കുണ്ടറ പീഡനക്കേസിൽ ഇടെപട്ട മന്ത്രിയുടെ രാജി സുനിശ്ചിതമെന്ന് കരുതിയാണ് ഇത്തരമൊരു സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതെന്ന സംശയവും ബലപ്പെടുന്നു.
44 ഫോറസ്റ്റ് റേഞ്ചർമാരും 40 ഒാളം െഡപ്യൂട്ടി റേഞ്ചർമാരും ഉൾപ്പെടെ 84 പേരുടെ സ്ഥലംമാറ്റ ഉത്തരവാണ് വ്യാഴാഴ്ച പുറത്തിറക്കിയത്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ നിർദേശപ്രകാരം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് (ഭരണം) ഉത്തരവിറക്കിയത്. സ്ഥലംമാറ്റങ്ങൾ മന്ത്രിയും സർക്കാറും അറിയണമെന്ന് നിർബന്ധമില്ലെങ്കിലും പ്രമാദമായൊരു അന്വേഷണം ബന്ധെപ്പട്ട് നടക്കുേമ്പാൾ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുക സുപ്രധാനമാണ്. അതിെൻറ ഭാഗമായാണ് ഉത്തരവ് മരവിപ്പിച്ചതെന്നാണ് മന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മിക്ക റേഞ്ചുകളിലും മരംമുറി നടന്നിട്ടുണ്ട്. ഡെപ്യൂട്ടി റേഞ്ചർമാരാണ് മരംമുറി പാസുകൾ അനുവദിക്കുന്നത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിെൻറ ഭാഗമായി പാസിെൻറ മഹസർ തയാറാക്കി നൽകിയതും റിപ്പോർട്ട് തയാറാക്കി നൽകിയതും ഇൗ റേഞ്ചർമാരാണ്.
അന്വേഷണ റിപ്പോർട്ട് വരുേമ്പാൾ ഇതിൽ പലരും സസ്പെൻഷനിൽ പോകേണ്ടിവരുമെന്ന സൂചനയുമുണ്ട്. അതിനാലാണ് നിയമസഭ സമ്മേളനം അവസാനിക്കുന്നതുവരെ സ്ഥലംമാറ്റം നടപ്പാക്കേണ്ടതില്ലെന്ന് വെള്ളിയാഴ്ച അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണം) പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. വയനാട്, കോഴിക്കോട്, മൂന്നാർ, കോന്നി, ചാലക്കുടി, മലയാറ്റൂർ, പെരിയാർ ഈസ്റ്റ്, പെരിയാർ വെസ്റ്റ്, നിലമ്പൂർ സൗത്ത് ഡിവിഷൻ, റാന്നി, മറയൂർ, കോതമംഗലം, വാഴച്ചാൽ, പീച്ചി, കണ്ണൂർ, നോർത്ത് വയനാട്, തിരുവനന്തപുരം ഡിവിഷനുകളിൽ ഉൾപ്പെട്ടവരാണ് സ്ഥലം മാറ്റപ്പെട്ടവരിലേറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

