Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാദ പരാമർശം; പി. ​ന​ന്ദ​കു​മാ​റി​നെ​തി​രെ യൂ​ത്ത് ലീ​ഗ് പ​രാ​തി ന​ൽ​കി, പ്രതിഷേധം ശക്തം

text_fields
bookmark_border
വിവാദ പരാമർശം; പി. ​ന​ന്ദ​കു​മാ​റി​നെ​തി​രെ യൂ​ത്ത് ലീ​ഗ് പ​രാ​തി ന​ൽ​കി, പ്രതിഷേധം ശക്തം
cancel

പൊ​ന്നാ​നി: മ​ല​പ്പു​റം ജി​ല്ല​ക്കെ​തി​രെ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ സി.​പി.​എം നേ​താ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യ പി. ​ന​ന്ദ​കു​മാ​റി​നെ​തി​രെ പൊ​ന്നാ​നി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി മു​സ്‌​ലിം യൂ​ത്ത് ലീ​ഗ്. ജി​ല്ല​യി​ലെ ജ​ന​സ​മൂ​ഹ​ത്തെ മു​ഴു​വ​ൻ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തും, ര​ണ്ടു മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്പ​ർ​ധ​യും വി​ദ്വേ​ഷ​വും വ​ള​ർ​ത്താ​ൻ കാ​ര​ണ​മാ​കു​ന്ന​തും, കേ​ര​ള​ത്തി​ന്റെ മ​ത​സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന​തു​മാ​ണ് പ്ര​സ്‌​താ​വ​ന​യെ​ന്ന് യൂ​ത്ത് ലീ​ഗ് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി. ​ന​ന്ദ​കു​മാ​റി​ന്റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ എം.​എ​സ്.​എ​ഫ് ജി​ല്ല ക​മ്മി​റ്റി​യും പൊ​ന്നാ​നി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

മുസ്‍ലിം ലീഗ്

മലപ്പുറം: കഴിഞ്ഞ ലോക്സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ജില്ലയിലെ കറകളഞ്ഞ മതേതര വിശ്വാസികൾ സി.പി.എമ്മിന് നൽകിയ കനത്ത പ്രഹരത്തിലുള്ള ഈർഷ്യ തീർക്കാനാണ് സി.പി.എം നേതാവ് പി. നന്ദകുമാർ ജില്ലയെക്കുറിച്ച് വീണ്ടും വർഗീയ ആക്ഷേപമുന്നയിക്കുന്നതെന്ന് മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ്.

ജില്ലയുടെ രൂപവത്കരണകാലത്ത് ആർ.എസ്.എസും ജനസംഘവും ഉന്നയിച്ച അതേ ആക്ഷേപമാണ് നന്ദകുമാർ ഇപ്പോഴും ഉന്നയിക്കുന്നത്. സി.പി.എം നേതാക്കൾ മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്നും മലപ്പുറത്തെ സമരങ്ങളിൽ പങ്കെടുക്കുന്നത് തീവ്രവാദികളാണെന്നും മലപ്പുറം ഭീകരവാദികളുടെ താവളമാണെന്നുമൊക്കെ മുൻകാലങ്ങളിൽ നടത്തിയ പ്രസ്താവനകൾക്കുള്ള മറുപടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കനത്ത തോൽവികൾ. സ്വസമുദായത്തിൽപെട്ടവരുടെ ഒരു ശതമാനം വോട്ടുപോലുമില്ലാത്ത തവനൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ വി.എസ്. ജോയിയെ നിയമസഭയിലേക്ക് വിജയിപ്പിച്ച തിളക്കമാർന്ന മതേതരത്വത്തിന്റെ മഹിമ വിളിച്ചുപറയുന്ന അനുഭവത്തിന്റെ പശ്ചാത്തലമുള്ള ജില്ലയെക്കുറിച്ചാണ് ഈ രീതിയിലുള്ള അപവാദങ്ങൾ പറയുന്നതെന്ന് ആലോചിക്കുമ്പോൾ ഇവരെയോർത്ത് ലജ്ജിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എം.എസ്.എഫ്

മലപ്പുറം: മലപ്പുറം മതമൗലിക, വർഗീയവാദികളുടെ കൂടാണെന്ന മുൻ എം.എൽ.എ പി. നന്ദകുമാറിന്റെ പ്രസ്താവന മലപ്പുറത്തെ ജനങ്ങളെയും നാടിന്റെ മതേതര പാരമ്പര്യത്തെയും അപമാനിക്കുന്നതാണെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി. രാഷ്ട്രീയ പരാജയത്തിന്റെ പേരിൽ ഒരു നാടിനെയും അവിടത്തെ ജനങ്ങളെയും ഒന്നാകെ വർഗീയമായി ചിത്രീകരിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. ഇത്തരം ആളുകൾ നാടിനാപത്താണെന്നും സി.പി.എം മലപ്പുറത്തോട് മാപ്പുപറയണമെന്നും ജില്ല പ്രസിഡന്റ് ഫർഹാൻ ബിയ്യം, ജനറൽ സെക്രട്ടറി അഡ്വ. ജസീൽ പറമ്പൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

എസ്.വൈ.എസ്

മലപ്പുറം: തെരഞ്ഞെടുപ്പ് പരാജയ കാരണം കണ്ടെത്താൻ ഇനിയും സി.പി.എമ്മിന് കഴിഞ്ഞില്ലെങ്കിൽ അത് പാർട്ടി മിഷനറിയുടെ പാപ്പരത്തമാണെന്നും രാജ്യത്തിന് മാതൃകയായി സ്നേഹവും സൗഹാർദവും മാനവിക ഐക്യവും നിസ്വാർഥമായി പങ്കുവെക്കുന്ന മലപ്പുറത്തുകാരെ മാനംകെടുത്തൽ അതിന് പരിഹാരമല്ലെന്നും സുന്നി യുവജന സംഘം ഈസ്റ്റ് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. പരാജയത്തിന്റെ ആലസ്യത്തിൽനിന്ന് അണികൾക്ക് ആവേശം പകരാൻ തരം താഴ്ന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തുന്നത് പുരോഗമന പ്രസ്ഥാനങ്ങളെന്ന് അവകാശപ്പെടുന്നവർക്ക് ഒട്ടും ഭൂഷണമല്ല. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഇ. മൊയ്തീൻ ഫൈസി പുത്തനഴി, കെ.എ. റഹ്മാൻ ഫൈസി കാവനൂർ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, തുടങ്ങിയവർ സംബന്ധിച്ചു.

പി.ഡി.പി

മലപ്പുറം: മതമൗലികവാദികളുടെയല്ല മാനവസൗഹൃദത്തിന്റെ നാടാണ് മലപ്പുറമെന്നും സി.പി.എം തെറ്റ് തിരുത്താന്‍ തയാറാവണമെന്നും പി.ഡി.പി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒരു വ്യക്തിയുടെയോ സംഘടനയുടെയോ നിലപാടിന്റെ പേരില്‍ ഒരു ജില്ലയെയും അവിടുത്തെ മുഴുവന്‍ ജനങ്ങളെയും ‘മത മൗലികവാദികള്‍’ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്ന നാടാണ് മലപ്പുറം. അകത്തുള്ള ഇത്തരം വൈകൃത മനസ്സുകളെയാണ് സി.പി.എം തിരുത്തേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സലാം മൂന്നിയൂര്‍, സെക്രട്ടറി ഷാഹിര്‍ മൊറയൂര്‍, ഹബീബ് കാവനൂര്‍, നിസാം കാളമ്പാടി എന്നിവര്‍ സംസാരിച്ചു.

കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മലപ്പുറത്തെ മുഴുവൻ മനുഷ്യരെയും അധിക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ച സി.പി.എം നേതാവ് പി. നന്ദകുമാറിന്റെ പ്രസ്താവന പ്രതിഷേധാർഹവും തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സെൻട്രൽ കാബിനറ്റ് പ്രസ്താവനയിൽ പറഞ്ഞു. യാതൊരു ഉത്തരവാദിത്തവുമില്ലാത്തവിധം ഇത്തരം പ്രസ്താവന നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും സെൻട്രൽ കാബിനറ്റ് ആവശ്യപ്പെട്ടു. വടശ്ശേരി ഹസൻ മുസ്‍ലിയാർ, കെ.കെ.എസ് തങ്ങൾ ഫൈസി, ഹബീബ് കോയ തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, കെ.പി. ജമാൽ കരുളായി, പി.കെ. മുഹമ്മദ് ഷാഫി വെങ്ങാട്, മുഷ്താഖ് സഖാഫി, ടി.എം. ഷുഹൈബ്, അസീസ് ഹാജി പുളിക്കൽ, കുഞ്ഞീതു മുസ്‍ലിയാർ, സൈതലവി ഹിഷാമി എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Controversial Remarks: Youth League Files Police Complaint Against P. Nandakumar
Next Story