കക്കാടംപൊയിലിലെ വിവാദ പാർക്ക് തുറക്കുന്നു
text_fieldsതിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലിലെ വിവാദ വാട്ടർ തീം പാർക്ക് തുറക്കുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെയാണ് പി.വി.ആർ നാച്വറോ പാർക്ക് തുറക്കാൻ ദ്രുതഗതിയിൽ നീക്കമാരംഭിച്ചത്. പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പാർക്ക് 2018 ജൂണിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് അടച്ചുപൂട്ടിയത്.
അന്നത്തെ കൂടരഞ്ഞി വില്ലേജ് ഓഫിസർ യു. രാമചന്ദ്രൻ, ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയ വിശദ റിപ്പോർട്ടാണ് വാട്ടർ തീം പാർക്കിന്റെ അടച്ചുപൂട്ടലിലേക്ക് നയിച്ചത്. പാർക്കുമായി ബന്ധപ്പെട്ടവർ മറച്ചുവെച്ച മണ്ണിടിച്ചിലും ഉരുൾപൊട്ടലും വില്ലേജ് ഓഫിസറുടെ സ്ഥല സന്ദർശനത്തോടെയാണ് പുറംലോകമറിഞ്ഞത്. വാട്ടർ തീം പാർക്കിന്റെ ഭാഗമായ കുട്ടികളുടെ പാർക്ക് തുറക്കാനാണ് അനുമതി ലഭിച്ചത്. വൈകാതെ വാട്ടർ തീം പാർക്ക് പൂർണമായി പ്രവർത്തിച്ചുതുടങ്ങുമെന്നാണ് വിവരം.
സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരത്തിലുള്ള കക്കാടംപൊയിൽ ജില്ലയിലെ ദുരന്തസാധ്യത മേഖലയിലൊന്നാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ ദുരന്തസാധ്യത പ്രദേശങ്ങളിൽ കക്കാടംപൊയിലും ഉൾപ്പെടുന്നുണ്ട്. ചെങ്കുത്തായ മലനിരകളുള്ള കക്കാടംപൊയിൽ മഴക്കാലത്ത് ദുരന്ത ഭീതിയിലാകാറുണ്ട്. പാർക്ക് തുറക്കാൻ അനുമതി നൽകിയ ദുരന്തനിവാരണ അതോറിറ്റി നിലപാടിനെതിരെ ഹൈകോടതിയെ സമീപിക്കാനാണ് കേരള നദീസംരക്ഷണ സമിതിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

