ബിനാലെയിലെ വിവാദ ചിത്രം പിൻവലിച്ചു; തീരുമാനം ക്രൈസ്തവ സഭകളുടെ എതിർപ്പിനെ തുടർന്ന്
text_fieldsകൊച്ചി: കൊച്ചി ബിനാലെയിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചതിനെ തുടർന്ന് വിവാദമായ ചിത്രം നീക്കംചെയ്തു. ക്രൈസ്തവ സഭകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ചിത്രം പിൻവലിക്കാൻ തീരുമാനിച്ചത്.
കൊച്ചി ബിനാലെയുടെ ഭാഗമായ 'ഇടം' പ്രദർശനത്തിൽ ഉൾപ്പെടുത്തിയ പ്രശസ്ത ചിത്രകാരൻ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദമായത്. അന്ത്യ അത്താഴത്തിലെ ക്രിസ്തുവിന്റെ സ്ഥാനത്ത് നഗ്നയായ സ്ത്രീയെയും ശിഷ്യന്മാരുടെ സ്ഥാനത്ത് കന്യാസ്ത്രീ വേഷം അണിഞ്ഞവരെയും ചിത്രീകരിച്ചു എന്നാരോപിച്ചാണ് ക്രൈസ്തവ സംഘടനകൾ രംഗത്തെത്തിയത്. 2016ൽ ഭാഷാപോഷിണി മാസികയിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് വിവാദമായ ചിത്രമാണ് ഇത്തവണ ബിനാലെയിൽ പ്രദർശിപ്പിച്ചത്. ചിത്രം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബിനാലെ വേദിയിൽ പ്രതിഷേധിച്ചിരുന്നു.
മൃദുവാംഗിയുടെ അപമൃത്യു എന്ന നാടകത്തെ ആസ്പദമാക്കിയാണ് തന്‍റെ ചിത്രമെന്നും ക്രൈസ്തവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും തന്‍റെ ചിത്രത്തിലില്ലെന്നും ചിത്രകാരൻ ടോം വട്ടക്കുഴി പറഞ്ഞു. അതേസമയം, ചിത്രം പിൻവലിക്കുന്നത് സംബന്ധിച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
ലത്തീൻ കാത്തലിക് അസോസിയേഷൻ കൊച്ചി രൂപതാ സമിതി പ്രസിഡന്റ് ഡാൾഫിൻ, എറണാകുളം സ്വദേശി തോമസ് തുടങ്ങിയവർ ചിത്രത്തിനെതിരെ ജില്ലാ കലക്ടർക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയിരുന്നു. ക്രൈസ്തവ വിശ്വാസികളെ മുറിപ്പെടുത്തുന്ന ചിത്രത്തിന് പിന്നിൽ ഗൂഢാലോചനയും അജണ്ടയും ഉണ്ടെന്നാണ് ലത്തീൻ കാത്തലിക് അസോസിയേഷന്റെ ആരോപണം.
മുൻപ് 'ഭാഷാപോഷണി' വാരികയിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചപ്പോൾ വലിയ വിമർശനം ഉയരുകയും തുടർന്ന് പത്രാധിപർ മാപ്പ് പറഞ്ഞ് പിൻവലിക്കുകയും ചെയ്തിരുന്നു. ചിത്രം സംബന്ധിച്ച് ബിനാലെ ഭാരവാഹികളുമായി നിരന്തരം സംസാരിച്ചിട്ടും പിൻവലിക്കാൻ തയാറായില്ലെന്ന് ലത്തീൻ കാത്തലിക് അസോസിയേഷൻ ചൂണ്ടിക്കാട്ടി. വിവാദത്തിലൂടെ നെഗറ്റീവ് പബ്ലിസിറ്റിയാണ് ബിനാലെ നടത്തിപ്പുകാർ ആഗ്രഹിക്കുന്നതെന്ന് സംശയിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. ഡിസംബർ 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ബിനാലെ ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

