ആറന്മുളയിലെ വിവാദ ഭൂമി: പദ്ധതിയുമായി വീണ്ടും ഐ.ടി വകുപ്പ്
text_fieldsRepresentational Image
തിരുവനന്തപുരം: ആറന്മുളയിലെ വിവാദ വിമാനത്താവള ഭൂമിക്കായി വീണ്ടും ഐ.ടി വകുപ്പിന്റെ നീക്കം. ജൂണിൽ ചേർന്ന സെക്രട്ടറി തല യോഗത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ച പദ്ധതിക്കുവേണ്ടിയാണ് വീണ്ടും ഐ.ടി വകുപ്പ് സ്പെഷൽ സെക്രട്ടറി പത്തനംതിട്ട കലക്ടർക്ക് കത്ത് നൽകിയത്.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിലെ മല്ലപ്പുഴശ്ശേരി, ആറന്മുള, കിടങ്ങന്നൂർ, മെഴുവേലി വില്ലേജുകളിലായി ആറന്മുള അന്താരാഷ്ട്ര വിമാനത്താവളത്തിനായി നേരത്തെ നിർദേശിച്ച 335 ഏക്കർ ഭൂമിയുടെ വിശദാംശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഈ മാസം രണ്ടിന് നൽകിയ കത്തിലെ ആവശ്യം. ലഭ്യമായ ഭൂമിയുടെ ആകെ അളവ്, ഇതിൽ കരഭൂമിയുടെ അളവ്, ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമി എത്ര, 2008ന് മുമ്പ് പരിവർത്തനം ചെയ്യപ്പെട്ട നെൽപാടത്തിന്റെ അളവ്, മൊത്തം തണ്ണീർതടം എത്ര, പ്രപ്പോസലുമായി ബന്ധപ്പെട്ടുള്ള പ്രസക്തമായ മറ്റ് വിവരങ്ങൾ എന്നിവയാണ് ആരാഞ്ഞിരിക്കുന്നത്.
കഴിഞ്ഞമാസം പത്തിനായിരുന്നു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഐ.ടി, റവന്യൂ, കൃഷി, നിയമ, പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാർ പങ്കെടുത്ത യോഗം ചേർന്നത്. പദ്ധതി പ്രദേശത്തിന്റെ 90 ശതമാനവും നിലമാണെന്നും ഡേറ്റ ബാങ്കിൽ ഉൾപ്പെടുന്നതാണെന്നുമുള്ള കൃഷിവകുപ്പിന്റെ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് പദ്ധതി നിർദേശം നിരസിക്കാനായിരുന്നു യോഗതീരുമാനം. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്തായിരുന്നു ഇലക്ട്രോണിക്സ് പാർക്ക് തുടങ്ങാൻ പദ്ധതിയിട്ടിരുന്നത്.
എന്നാൽ, സി.പി.ഐ രാഷ്ട്രീയമായി ഈ പദ്ധതിയെ എതിർത്തിരുന്നു. കൃഷിമന്ത്രി പി. പ്രസാദും റവന്യൂമന്ത്രി കെ. രാജനും പദ്ധതിക്കെതിരെ രംഗത്തുവരികയും ചെയ്തു. എന്നാൽ, ഇത്രയേറെ രാഷ്ട്രീയ എതിർപ്പുയർന്നിട്ടും പദ്ധതി ഐ.ടി വകുപ്പ് കൈവിട്ടിട്ടില്ലെന്നാണ് സ്പെഷൽ സെക്രട്ടറിയുടെ കത്തിൽ നിന്ന് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയാണ് ഐ.ടി വകുപ്പ് കൈകാര്യം ചെയ്യുന്നത്. സി.പി.ഐ ഇക്കാര്യത്തിൽ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

