ഒരു കസേരക്ക് രണ്ടു മേധാവികൾ; മലിനീകരണ നിയന്ത്രണ ബോർഡിൽ ഹൈകോടതി ഉത്തരവ് അവഗണിച്ച് നിയമനം
text_fieldsകോട്ടയം: ഹൈകോടതി നിർദേശം കാറ്റിൽ പറത്തി മലിനീകരണ നിയന്ത്രണ ബോർഡിൽ അസാധാരണ നീക്കം. ഡിവിഷൻ ബെഞ്ച് ഉത്തരവ് അവഗണിച്ച് പുതിയ നിയമനം നടത്തിയതോടെ ബോർഡിന് കോട്ടയത്ത് രണ്ടു ജില്ല മേധാവികളായി.
ഹൈകോടതി നിർദേശപ്രകാരം പി.ബി. ശ്രീലക്ഷ്മി ജില്ല മേധാവിയായി തുടരുന്നതിനിടെ എറണാകുളം ഓഫിസിലെ എൻവയൺമെന്റൽ എൻജിനീയർ നോബിയോട് അടിയന്തരമായി കോട്ടയം ജില്ല ഓഫിസിൽ ചുമതലയേൽക്കാൻ ബോർഡ് ചെയർപേഴ്സൺ നിർദേശിക്കുകയായിരുന്നു.
രണ്ടു ദിവസം മുമ്പ് നോബി കോട്ടയത്ത് ചുമതലയേറ്റതോടെ ഒരേ ഓഫിസിൽ രണ്ടു ജില്ല മേധാവികളെന്ന അസാധാരണ സാഹചര്യമായി. ചുമതല ഒഴിയേണ്ടെന്നും സ്ഥാനത്തു തുടരാനും കോടതി നിർദേശിച്ച ശ്രീലക്ഷ്മിയോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ട് ചീഫ് എൻജിനീയർ മുഖേന കത്ത് നൽകിയിരിക്കുകയാണ് ചെയർപേഴ്സൻ. സീനിയർ എൻജിനീയറായ ശ്രീലക്ഷ്മിയേക്കാൾ ഒരു സ്ഥാനം താഴെയുള്ള ഉദ്യോഗസ്ഥനാണ് ചെയർപേഴ്സൻ പ്രത്യേക താൽപര്യമെടുത്ത് നിയമിച്ച നോബി.
എറണാകുളം സ്വദേശിയായ ശ്രീലക്ഷ്മി കാസർകോട്ടുനിന്ന് മാറ്റം കിട്ടി കോട്ടയത്ത് വന്നത് കഴിഞ്ഞ മാർച്ചിലാണ്. ജൂണിൽ സ്ഥാനക്കയറ്റം കിട്ടിയ അവരെ ജൂലൈയിൽ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരായ ഹരജിയിൽ ഹൈകോടതി സിംഗിൾ ബെഞ്ച് ആദ്യം സ്റ്റേ അനുവദിച്ചെങ്കിലും പിന്നീട് തള്ളി. അപ്പീലിൽ ഡിവിഷൻ ബെഞ്ച് അനുവദിച്ച സ്റ്റേ നിലനിൽക്കെയാണ് പുതിയ നടപടി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ച്, ബോർഡ് ചെയർമാന്റെ സ്ഥലംമാറ്റ നടപടികളെ വിമർശിക്കുകയും അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ശ്രീലക്ഷ്മി സ്ഥാനത്ത് തുടരാൻ നിർദേശിക്കുകയുമായിരുന്നു. കോടതി ഉത്തരവ് നിലനിൽക്കെയുള്ള ബോർഡിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതിയ നിയമനത്തിന്റെ നിയമസാധുതയിലും ഭരണപരമായ ആവശ്യകതയിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്. പെരുമ്പാവൂർ ഓഫിസിൽ സ്ഥാനം ഒഴിഞ്ഞുകിടക്കുമ്പോൾ എറണാകുളത്തെ ഉദ്യോഗസ്ഥനെ കോട്ടയത്തേക്ക് മാറ്റിയതിന്റെ സാംഗത്യത്തിലും സംശയമുണ്ട്. വർഷങ്ങളായി സ്ഥിരം ജില്ല മേധാവിയില്ലാത്ത ഓഫിസിലേക്ക് ആളെ നിയമിക്കുന്നതിന് പകരം കോട്ടയത്ത് തന്നെ അടിയന്തര നിയമനം നടത്തിയത് എന്തുകൊണ്ടാണെന്നാണ് ചോദ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

