അഗതിമന്ദിരത്തിലെ തുടർച്ചയായ മരണങ്ങൾ രോഗം കണ്ടെത്താനായില്ല; സ്നേഹ ഭവൻ അന്തേവാസികളെ മാറ്റാനായില്ല
text_fieldsപൊലീസ് സ്നേഹ ഭവൻ അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നു
മൂവാറ്റുപുഴ: അജ്ഞാത രോഗത്തെത്തുടർന്ന് പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളായ വയോധികർ മരിച്ച സംഭവത്തിൽ രോഗം എെന്തന്ന് കണ്ടത്താൻ ആയില്ല. ശനിയാഴ്ച രാവിലെ മരിച്ച രണ്ട് വയോധികരുടെ രക്തസാമ്പിളുകൾ അടക്കം പരിശോധനക്ക് എടുത്ത് അയെച്ചങ്കിലും നാൽപത്തി എട്ട് മണിക്കൂറിനുശേഷമേ റിപ്പോർട്ടു ലഭിക്കുകയുള്ളൂ. ബാക്ടീരിയ മൂലമുള്ള രോഗമാെണങ്കിൽ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും. മറ്റെെന്തങ്കിലും കാരണമാെണങ്കിൽ വിവരം ലഭിക്കാൻ ഏഴുദിവസം വരെ എടുത്തേക്കുമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു പറഞ്ഞു. രോഗത്തെക്കുറിച്ച് ഡോക്ടർമാർക്കും വലിയ ധാരണയില്ല.
ത്വക്ക് രോഗത്തിന്റെ ലക്ഷണമാണ് പ്രകടമായിരിക്കുന്നത്. എന്നാൽ, ഇത്തരം രോഗലക്ഷണം കണ്ടത്തി ദിവസങ്ങൾക്കകം മരണം സംഭവിക്കുമെന്നത് ഡോക്ടർമാർക്കും വിശ്വസിക്കാനാകുന്നില്ല . രോഗലക്ഷണവുമായി ശനിയാഴ്ച ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ആറ് വയോധികർ ചികിത്സയിലാണ്. ഇവർക്ക് നിലവിൽ പ്രശ്നങ്ങൾ ഒന്നുമിെല്ലന്ന് ഡോക്ടർമാർ പറഞ്ഞു.
സ്നേഹ ഭവൻ അന്തേവാസികളെ മാറ്റാനായില്ല
മൂവാറ്റുപുഴ: അജ്ഞാത രോഗം മൂലം അഞ്ചുപേർ മരിക്കുകയും ആറുപേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്ത സ്നേഹ ഭവനിൽനിന്നും ബാക്കിയുള്ള പതിനെട്ട് വയോധികരെ പല സ്ഥലങ്ങളിലായി മാറ്റിപാർപ്പിക്കുമെന്ന പ്രഖ്യാപനം നടന്നില്ല. ശനിയാഴ്ച തന്നെ ഇവരെ ഇവിടെ നിന്നും മാറ്റുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ഒന്നും നടന്നില്ല.
ഞായറാഴ്ച നിരവധി പേർ സ്നേഹഭവനിലെ അന്തേവാസികൾക്ക് ഭക്ഷണവുമായി എത്തി. ഇതിനിടയിൽ പൊലീസ്, ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയും നടന്നു. നഗരസഭ ആരോരുമില്ലാത്ത വയോധികരെ പുനരധിവസിപ്പിക്കാനായി നിർമിച്ചകേന്ദ്രം 2015 മുതൽ മുൻ മുനിസിപ്പൽ കൗൺസിലർ ബിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്നേഹം ട്രസ്റ്റാണ് നടത്തുന്നത്. ഇവർ അഗഥി മന്ദിരം ഏറ്റെടുത്തതിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തിരുന്നു.
ഇവിടത്തെ ജീവനക്കാരൻ അന്തേവാസികളുടെ സ്വത്ത് തട്ടിയെടുത്തു എന്ന് ആരോപണം ഉയർന്നു. വാഴപ്പിള്ളിയിലെ മൂന്നു സെന്റ് സ്ഥലവും വീടും എഴുതിവാങ്ങിയെന്നായിരുന്നു പരാതി. കഴിഞ്ഞ മുനിസിപ്പൽ കൗൺസിലിൽ ഉണ്ടായിരുന്ന യു.ഡി.എഫ് അംഗങ്ങളായിരുന്ന സി.എം. ഷുക്കൂറും പ്രമീള ഗിരീഷ് കുമാറും ചേർന്നാണ് വിഷയം കുത്തിപ്പൊക്കിയത്. ഒടുവിൽ വസ്തു തിരിച്ചെഴുതി നൽകിയാണ് പ്രശ്നം പരിഹരിച്ചത്. ഇവിടെ സമീപകാലത്ത് മരിച്ച അന്തേവാസിയുടെ സ്വർണാഭരണങ്ങൾ ബന്ധുക്കൾക്ക് തിരികെ നൽകിയില്ലെന്ന ആരോപണവും ഉയർന്നിരുന്നു. കൗൺസിലർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം നിയമപരമായാണ് സ്നേഹഭവൻ പ്രവർത്തിക്കുന്നതെന്ന് നടത്തിപ്പുകാരനായ ബിനീഷ് കുമാർ പറഞ്ഞു. ആരും നോക്കാനില്ലാതെ എത്തുന്ന വയോധികർക്ക് അഭയം നൽകി പരിപാലിച്ചു വരുന്നുണ്ട്. കഴിഞ്ഞ ദിവസം മരിച്ചവർ നാളുകളായി ഇവിടെ അന്തേവാസികളായിരുന്നു. ആവശ്യമായ ചികിത്സയും നൽകിയിട്ടുണ്ട്.
സ്നേഹവീട്ടിലെ മരണങ്ങൾ അറിയിച്ചില്ല എന്ന മുനിസിപ്പൽ അധികൃതരുടെ വാദം അടിസ്ഥാനരഹിതമാണ്. മരിച്ച അന്തേവാസികളെ നഗരസഭ പൊതുശ്മശാനത്തിൽ ചെയർമാന്റെ അനുമതിയോടെ സംസ്കരിച്ചത്. എല്ലാ മരണങ്ങളും വാർഡ് കൗൺസിലറെയോ, അന്തേവാസികളെ ഏൽപ്പിച്ച കൗൺസിലർ മുഖാന്തരവും നഗരസഭയിൽ അറിയിക്കുകയും, നഗരസഭയിൽ നിന്നും മരണ സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
അഭയ കേന്ദ്രത്തിൽ വിദഗ്ധസംഘം പരിശോധന നടത്തും
മൂവാറ്റുപുഴ: നഗരസഭയുടെ മുറിക്കൽ അഭയ കേന്ദ്രത്തിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ അജ്ഞാത രോഗം ബാധിച്ച് അഞ്ചുപേർ മരിക്കാനിടയാക്കിയ സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ വിദഗ്ധസംഘം പരിശോധന നടത്തും.
രണ്ടുദിവസത്തിനകം മൂവാറ്റുപുഴയിൽ എത്തുന്ന സംഘം രോഗ ലക്ഷണങ്ങളോടെ ജനറൽ ആശുപത്രിയിൽ കഴിയുന്ന ആറുപേരെയും പരിശോധിക്കും. രോഗബാധിതരിൽനിന്നും ശേഖരിച്ച രക്തസാമ്പിളുകളുടെ പരിശോധ ഫലം വന്നാലെ രോഗം എന്താെണന്ന വിവരം ലഭിക്കൂ. ഇതിനിടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചു. ഞായറാഴ്ച അഭയകേന്ദ്രമായ സ്നേഹവീട്ടിൽ എത്തിയ പൊലീസ് സംഘം വിവര ശേഖരണങ്ങൾ നടത്തി. ആരോഗ്യ വകുപ്പ് അധികൃതരുംസ്ഥലത്ത് എത്തിയിരുന്നു. മരിച്ച രണ്ടുപേരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷമാകും പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കുക.
ശനിയാഴ്ച രാവിലെയാണ് നഗരസഭയുടെ വയോജന കേന്ദ്രമായ സ്നേഹവീട്ടിൽ രണ്ട് വയോധികരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാമലശ്ശേരി ചിറത്തടത്തിൽ ഏലിസ്കറിയ (73), ഐരാപുരം മഠത്തിൽ കമലം (72 ) എന്നിവരെ ഒരേ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 15ദിവസത്തിനിടെ സമാന രോഗലക്ഷണങ്ങളോടെ അഞ്ചു പേരാണ് ഇവിടെ മരിച്ചത്. ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി ലക്ഷ്മി എന്ന വയോധികയും 27 ന് ആമിന പരീത് എന്ന സ്ത്രീയും,15ന് ഏലിയാമ്മ ജോർജ് എന്ന അന്തേവാസിയും മരണപ്പെട്ടിരുന്നു. ഇവരിൽ ലക്ഷ്മി ഒഴികെ മറ്റ്മൂന്ന് അന്തേവാസികൾക്കും ഒരേ രീതിയിലുള്ള രോഗലക്ഷണങ്ങളാണ് പ്രകടമായിരുന്നത്.
ഏലീസിന്റെ കാലില് മരിക്കുന്നതിന് മൂന്നുദിവസം മുമ്പ് നീര് വന്നിരുന്നു. തുടർന്ന് ചെറിയ വ്രണങ്ങൾ ഉണ്ടാകുകയും തൊട്ടടുത്ത ദിവസം വലിയ വ്രണമായി മാറുകയും ചെയ്തു. നാലാംദിവസം രക്തംഛര്ദിച്ച് മരിക്കുകയും ചെയ്തു.
മരണശേഷം കാലില് രൂപപ്പെട്ട നീര് രക്തം വരാതെ പൊട്ടിയെന്നും അഭയകേന്ദ്രം നടത്തിപ്പുകാരനായ ബിനീഷ്കുമാർ പറയുന്നു. ഇതേ ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില് മരിച്ചവരിലും ഉണ്ടായിരുന്നത് എന്നാണ് ഇയാൾ ആരോഗ്യ പ്രവർത്തകരോട് പറഞ്ഞത്. ഇതിനിടെ കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

