ആശ വർക്കർമാരുടെ ധർണക്കെതിരായ കോടതിലയക്ഷ്യ ഹരജി ഹൈകോടതിയിൽ
text_fieldsകൊച്ചി: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാരുടെ സംഘടന നടത്തിയ രാപ്പകൽ ധർണക്കെതിരായ കോടതിയലക്ഷ്യ ഹരജി ഹൈകോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് രജിസ്ട്രിക്ക് നിർദേശം നൽകി.
റോഡും നടപ്പാതയും തടഞ്ഞുള്ള ധർണ കഴിഞ്ഞ 10 മുതലായിരുന്നു. വഞ്ചിയൂർ സി.പി.എം സമ്മേളനത്തിലടക്കം നിയമലംഘനം ചൂണ്ടിക്കാട്ടിയ മരട് സ്വദേശി എൻ. പ്രകാശാണ് ഇതിനെതിരെ ഹരജി നൽകിയത്. പരിപാടിയിൽ പ്രസംഗകരായെത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും എം.എൽ.എമാരെയും എതിർകക്ഷികളാക്കിയാണ് ഹരജി.
സമാന ഹരജികൾ കേൾക്കുന്ന ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് മുമ്പാകെയായിരിക്കും ഇനി വിഷയം പരിഗണനക്കെത്തുക. ആശ വർക്കേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധ പരിപാടിക്കായി റോഡിൽ കസേരയടക്കം നിരത്തിയെന്ന് ഹരജിയിൽ ആരോപിക്കുന്നു.
രമേശ് ചെന്നിത്തല, എം.എൽ.എമാരായ എം.പി. വിൻസെന്റ്, കെ.കെ. രമ, ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംഘടന നേതാക്കൾ തുടങ്ങി 13 പേരെ എതിർകക്ഷികളാക്കിയാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

