You are here

കണ്ടെയ്ൻമെന്‍റ് സോണില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇവയാണ്

21:21 PM
10/07/2020
Image courtesy: New Indian Express

മ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കണ്ടെയ്ൻമെന്‍റ് സോണുകളും വർധിക്കുകയാണ്. കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്ന മേഖലകളെയാണ് കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിക്കുന്നത്. ഇത്തരം കണ്ടെയ്ൻമെന്‍റ് സോണുകളിൽ കർശന ലോക്ഡൗൺ നടപ്പാക്കും. 

കണ്ടെയ്ൻമെന്‍റ് സോണില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ വീടുകളില്‍നിന്ന് പുറത്തു പോകാന്‍ അനുവദിക്കൂ. 

മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കും അവശ്യവസ്തുക്കളുടെ സേവനത്തിനും വിതരണത്തിനുമല്ലാതെ കണ്ടെയ്ൻമെന്‍റ് സോണില്‍ നിന്ന് പുറത്തേക്കു പോകാനോ അകത്തേക്ക് കടക്കാനോ അനുവദിക്കില്ല. 
കണ്ടെയ്ൻമെന്‍റ് സോണുകളില്‍ ഏഴു ദിവസത്തേക്ക് പൊതുഗതാഗതം അനുവദിക്കില്ല. 

സര്‍ക്കാര്‍ ഓഫിസുകള്‍ ഏറ്റവും കുറവ് ജീവനക്കാരുമായി പ്രവര്‍ത്തിക്കണം. മറ്റു ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തുടരാം. 

പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ട്രഷറി, പെട്രോളിയം, സി.എൻ.ജി, എൽ.പി.ജി, പി.എൻ.ജി, ദുരന്തനിവാരണ വകുപ്പ്, വൈദ്യുത ഉല്‍പാദന-വിതരണ യൂണിറ്റുകള്‍, പോസ്റ്റ് ഓഫിസ്, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍റര്‍, മുന്നറിയിപ്പുകള്‍ നല്‍കുന്ന ഏജന്‍സികള്‍ തുടങ്ങിയവരെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

പൊലീസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വിസ്, ദുരന്ത നിവാരണ വിഭാഗം, ജയില്‍ എന്നീ വിഭാഗങ്ങളെയും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജില്ല ഭരണകൂടം, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ തുറന്നു പ്രവര്‍ത്തിക്കും.  

വൈദ്യുതി, വെള്ളം, ശുചിത്വം, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണത്തില്‍ ഇളവുണ്ട്. ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ച രണ്ടു വരെ പ്രവര്‍ത്തിക്കാം. എ.ടി.എം, മാധ്യമങ്ങള്‍, ഇന്‍റര്‍നെറ്റ് സേവനം, അവശ്യവസ്തുക്കളുടെ വിതരണ ശൃംഖല, ഗതാഗതം എന്നിവ അനുവദിക്കും. 

ഡിപ്പാര്‍ട്ട്‌മെന്‍റല്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പലചരക്ക്, പാല്‍, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, കോഴി, കന്നുകാലി തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ എന്നിവക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കാം. 

രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ ഹോട്ടലുകളില്‍ പാഴ്സല്‍, ഹോം ഡെലിവറി സേവനങ്ങള്‍ മാത്രം അനുവദിക്കും. രാവിലെ 10 മുതല്‍ ഉച്ച ഒന്നു വരെ റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. 

ഡിസ്പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്സിങ് ഹോമുകള്‍, ആംബുലന്‍സ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉല്‍പാദന, വിതരണ യൂണിറ്റുകളും ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തനക്ഷമമായിരിക്കും. 

എല്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ആശുപത്രി സഹായ സേവനങ്ങള്‍ക്കുമുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ജില്ല ഭരണകൂടത്തിന്‍റെയും ജില്ല പൊലീസ് അധികാരികളുടെയും അനുമതിയോടെ സഞ്ചരിക്കാം. ഇവ ഒഴികെയുള്ള മറ്റൊരു  പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.

കണ്ടെയ്ൻമെന്‍റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും ജീവനക്കാര്‍, സംഘടനകള്‍ എന്നിവര്‍ കോവിഡ് 19 പ്രതിരോധത്തിന് ആവശ്യമായ  മുന്‍കരുതലുകള്‍ ഉറപ്പാക്കുകയും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശ പ്രകാരം സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. 

ഇന്‍സിഡന്‍റ് കമാന്‍ഡറായ തഹസില്‍ദാര്‍ക്കാണ് അധികാരപരിധിയിലുള്ള ഇടങ്ങളുടെ ഉത്തരവാദിത്തം.  നിര്‍ദിഷ്ട പ്രദേശത്തെ മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണം.  

കണ്ടെയ്ൻമെന്‍റ് സോണുകളെക്കുറിച്ച് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും സുരക്ഷയും പൊലീസ് ഉറപ്പാക്കും. വീടുകള്‍തോറുമുള്ള നിരീക്ഷണവും ആവശ്യാനുസരണം മറ്റ് ക്ലിനിക്കല്‍ ഇടപെടലുകളും ആരോഗ്യ വകുപ്പ് ഉറപ്പാക്കും.  

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരവും ഐ.പി.സി വകുപ്പ് 188 പ്രകാരവുമുള്ള നിയമനടപടികള്‍ സ്വീകരിക്കും. 

Loading...
COMMENTS