തീപിടിച്ച കപ്പലിലെ കണ്ടെയ്നറുകൾ തൃശ്ശൂരിലോ കൊച്ചിയിലോ അടിയാൻ സാധ്യത; തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കും
text_fieldsകോഴിക്കോട്: കേരളാതീരത്ത് തീപിടിച്ച എം.വി വാൻഹായ് 503 എന്ന ചരക്ക് കപ്പലിലെ കണ്ടെയ്നറുകൾ തൃശ്ശൂരിലോ കൊച്ചിയിലോ അടിയാൻ സാധ്യതയെന്ന് റിപ്പോർട്ട്. തൃശ്ശൂർ, കൊച്ചി ജില്ലകളിലെ തീരപ്രദേശത്ത് കണ്ടെയ്നറുകളും അതിലെ സാധനങ്ങളും അടിയുക. ഈ സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
അതേസമയം, ഒരു ദിവസം പിന്നിട്ടിട്ടും തീപിടിച്ച എം.വി വാൻഹായ് 503 എന്ന ചരക്ക് കപ്പലിലെ തീയണക്കാനാകുന്നില്ല. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ തീയണക്കാനായി തീവ്രശ്രമം പുരോഗമിക്കുകയാണ്. ഇതിനിടെ കപ്പൽ ഇടതുവശത്തേക്ക് ചെരിയുന്നതായി റിപ്പോർട്ടുണ്ട്. 15 ഡിഗ്രി വരെ ചരിഞ്ഞ കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണതായി കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കുന്നു.
അതിനിടെ, സാഹചര്യം വിലയിരുത്താൻ ഇന്ന് കൊച്ചിയിൽ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചതെന്നാണ് വിവരം. സംസ്ഥാന സർക്കാർ, നാവികസേന, കോസ്റ്റ്ഗാർഡ്, മറ്റ് കേന്ദ്ര ഏജൻസികൾ, കേരള മാരിടൈം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
കപ്പലിലെ പൊള്ളലേറ്റ ആറ് ജീവനക്കാർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ രണ്ടു പേരുടെ നില മാറ്റമില്ലാതെ തുടരുകയാണ്.
തീപിടിച്ച കപ്പലിൽ 157 കണ്ടെയ്നറുകളാണുള്ളത്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (ഐ.എം.ഒ) ക്ലാസിഫിക്കേഷൻ അനുസരിച്ച് 20 കണ്ടെയ്നറുകളിൽ തീപിടിക്കുന്ന വസ്തുക്കൾ, സ്വയമേവ കത്തുന്നവ, കീടനാശിനികൾ ഉൾപ്പെടെയുള്ള വിഷ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്.
ഇതിൽ കള നിയന്ത്രണത്തിനും കീട നിയന്ത്രണത്തിനും ഉപയോഗിക്കുന്ന 800 ഡ്രമ്മുകളും മറ്റൊരു കണ്ടെയ്നറിൽ 27,786 കി.ഗ്രാം തൂക്കമുള്ള എഥൈൽ ക്ലോറോഫോർമൈറ്റ് അടക്കമുള്ള വിഷാംശ രാസവസ്തുക്കളും ഉൾപ്പെടുന്നു. ഇത് കടലിൽ പരക്കുന്നതോടെ ഉണ്ടാകാനിടയുള്ള മലിനീകരണം സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.
കപ്പലിൽ 20 കണ്ടെയ്നറുകളിലായി കത്തുന്ന ഖരവസ്തുക്കളുണ്ട്. ഇതിൽ രണ്ട് കണ്ടെയ്നറുകളിൽ ആൽക്കഹോൾ അടങ്ങിയ നൈട്രോസെല്ലുലോസ്, 12 കണ്ടെയ്നറുകളിൽ നാഫ്തലീൻ, ഒരു കണ്ടെയ്നറിൽ കത്തുന്ന ദ്രാവകം അടങ്ങിയ ഖരവസ്തുക്കൾ, നാല് കണ്ടെയ്നറുകളിൽ പാരഫോർമാൽഡിഹൈഡ് എന്നിവ ഉൾപ്പെടുന്നു.
സ്വയമേവ കത്തുന്ന ഓർഗാനോമെറ്റാലിക് പദാർഥവുമുണ്ട്. വായുവുമായി സമ്പർക്കമുണ്ടാകുമ്പോൾ സ്വയം കത്തുന്നവയാണിത്. കപ്പലിലെ തീയണക്കാൻ മറ്റ് കപ്പലുകൾ പോകുന്നതിന് തടസമായി നിൽക്കുന്നത് വളരെ പെട്ടെന്ന് തീപിടിക്കുന്ന ഇത്തരം വസ്തുക്കളുടെ സാന്നിധ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൊളംബോയിൽ നിന്ന് ഈ മാസം ആറിനാണ് നവി മുംബൈയിലെ തുറമുഖത്തേക്ക് എം.വി. വാൻഹായ് 503 പുറപ്പെട്ടത്. ചൊവ്വാഴ്ച തീരമണയാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ബി.എസ്.എം എന്ന കമ്പനിക്കാണ് കപ്പലിന്റെ നടത്തിപ്പ് ചുമതല. മെയ് 25 കേരളതീരത്തു നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എം.എ.സ്സി എല്‍സ 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട് കണ്ടെയ്നറുകൾ കടലിൽ ഒഴുകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.