താമരശേരി ചുരത്തില്‍ നിയന്ത്രണംവിട്ട് കണ്ടെയ്‌നര്‍ ലോറി; സംരക്ഷണഭിത്തി തകർത്ത് മുന്‍ചക്രങ്ങള്‍, കൊക്കയില്‍ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ
കോഴിക്കോട്: താമരശേരി ചുരത്തില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി സംരക്ഷണ ഭിത്തി തകര്‍ത്തു. കൊക്കയില്‍ വീഴാതെ തലനാരിഴക്കാണ് ലോറി രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ചുരമിറങ്ങുന്നതിനിടെ ഒമ്പതാം വളവിലാണ് ലോറി അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ മുന്‍ചക്രങ്ങള്‍ രണ്ടും വലിയ താഴ്ചയുള്ള കൊക്കയുടെ ഭാഗത്ത് പുറത്താണ് ഉള്ളത്. അപകടത്തെ തുടര്‍ന്ന് ചുരത്തിൽ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടെങ്കിലും വൈകാതെ സാധാരണ നിലയിലായി.
കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസും യാത്രക്കാരും ചേര്‍ന്ന് സുരക്ഷിതമായി പുറത്തിറക്കി. പാര്‍സല്‍ സാധനങ്ങള്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വലിയ ലോഡുണ്ടായിരുന്നതിനാലാണ് വാഹനം പൂര്‍ണമായും കൊക്കയില്‍ പതിക്കാതിരുന്നത്.
രാജസ്ഥാൻ രജിസ്ട്രേഷനുള്ള വാഹനം കർണാടകയിൽനിന്ന് ബൈക്കുകളുമായി വരികയായിരുന്നു എന്നാണ് വിവരം. അടിവാരത്തുനിന്ന് ക്രെയിൻ എത്തിച്ച ശേഷം മാത്രമേ വാഹനം നേരെ നിർത്താനാകൂ. ചുരത്തിൽ ഇടക്കിടെ മഴ പെയ്യുന്നതും വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകാൻ കാരണമായെന്നാണ് വിലയിരുത്തൽ.
അതിനിടെ ചുരത്തിലും അടിവാരത്തും, ലക്കിടിയിലും നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഒമ്പതാം വളവ് അപകടം നടന്ന ഭാഗത്ത് ഒരു വരിയായി മാത്രമേ വാഹനങ്ങള്‍ കടന്നു പോകുകയുള്ളൂ. മള്‍ട്ടി ആക്‌സില്‍ വാഹ്നങ്ങള്‍ ചുരം വഴി കടത്തിവിടുന്നില്ല. അടിവാരത്ത് തടഞ്ഞിടുകയാണ്. നേരത്തെ വ്യൂപോയിന്‍റിന് സമീപം മണ്ണിടിഞ്ഞതും ചുരത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാൻ ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

