കണ്ടയ്നർ ലോറി ദേശീയപാതയോരത്തെ വീട്ടിലേക്ക് ഇടിച്ചുകയറി; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsകല്ലടിക്കോട്: കരിമ്പയിൽ കണ്ടയ്നർ ലോറി ഇടിച്ചുകയറി വീടിന്റെ മുൻഭാഗം തകർന്നു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ 4.45 ന് പാലക്കാട് - കോഴിക്കോട് ദേശീയപാതയിലാണ് അപകടം. ദേശീയപാതയിൽ മണിക്കൂറുകളോളം വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
സിമെന്റ് ലോറിയിൽ ഇടിച്ചാണ് കണ്ടയ്നർ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയോരത്തെ വീട്ടിലേക്ക് ഇടിച്ചു കയറിയത്. കരിമ്പ പനയമ്പാടം അങ്ങാടികാട് കളത്തിൽ രാജഗോപാലിന്റെ വീടാണ് ഭാഗികമായി തകർന്നത്. കോഴിക്കോട്ട് നിന്നും പാലക്കാടേക്ക് വരികയായിരുന്നു കണ്ടയ്നർ ലോറി.
ദേശീയപാത 966ലെ സ്ഥിരം അപകടമേഖലയായ കരിമ്പ പനയംപാടം ഇറക്കത്തിലാണ് അപകടം. ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. താണാവ് - നാട്ടുകൽ ദേശീയപാത നവീകരിച്ച ശേഷം മഴ പെയ്താൽ അപകടം നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
ജനകീയ പൗരസമിതി, മുസ്ലിം ലീഗ് എന്നിവ സംഘടനകൾ ഒന്നിലധികം പ്രതിഷേധ പരിപാടികൾ റോഡിന്റെ പോരായ്മ പരിഹരിക്കാൻ സംഘടിപ്പിച്ചിരുന്നു. വാഹനാപകട മരണം കൂടിയ പശ്ചാത്തലത്തിൽ നാറ്റ്പാക് , റോഡ് സുരക്ഷ അതോറിറ്റി എന്നിവയുടെ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

