ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് കൊല്ലം തീരത്തടിഞ്ഞു; സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു, പ്രദേശത്ത് ജാഗ്രതാ നിർദേശം
text_fieldsകൊല്ലം: കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് ആലപ്പാട് ചെറിയഴീക്കലും ചവറയിലും തീരത്തടിഞ്ഞു. ഇതോടെ, കടലിലും തീരത്തും ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ. ഇന്നലെ രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കൽ സി.എഫ്.ഐ ഗ്രൗണ്ടിനു സമീപം കടലിൽ കണ്ടെയ്നർ കണ്ടത്. കടൽഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലാണുള്ളത്. ഉടൻ അധികൃതരെ വിവരം അറിയിച്ചു. ജില്ല കലക്ടർ എൻ. ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി. സമീപത്തെ വീട്ടുകാരെ ഉടൻ മാറ്റിപ്പാർപ്പിച്ചു.
തുറന്നനിലയിലായിരുന്ന കണ്ടെയ്നറിൽ ഒന്നും കണ്ടെത്താനായില്ല. ശക്തമായ തിരമാലയുള്ളതിനാൽ കണ്ടെയ്നർ തീരത്തേക്കെടുക്കാനും സാധിക്കുന്നില്ല. ഇതിനുള്ള ശ്രമം തുടരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ സ്ഥലത്തെത്തി, തുടർ നടപടികൾ സ്വീകരിക്കും. ചവറ തീരത്ത് രണ്ട് കണ്ടെയ്നറുകളാണുള്ളത്.
ശനിയാഴ്ച ഉച്ചക്ക് 1.25ഓടെയാണ് അപകടകരമായ ചരക്കുമായി കേരള തീരത്ത് ചരിഞ്ഞ ലൈബീരിയൻ കണ്ടെയ്നർ കപ്പൽ എം.എസ്.സി എൽസ -3 (ഐ.എം.ഒ നമ്പര്‍: 9123221) പൂർണമായും കടലിൽ മുങ്ങിയത്. ഉടൻ, കപ്പലിലെ 24 ജീവനക്കാരെയും കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു.
കപ്പൽ ചരിഞ്ഞ് എട്ടോളം കണ്ടെയ്നറുകൾ കടലിൽ പതിച്ചത്. ഞായറാഴ്ച രാവിലെ 7.50ഓടെ പൂർണമായും കപ്പൽ മുങ്ങുകയായിരുന്നു. തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 14.6 നോട്ടിക്കൽ മൈൽ (27.0392 കി.മീ.) അകലെയാണിത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും മൂന്നുപേരെ നാവികസേനയുടെ ഐ.എന്‍.എസ് സുജാതയും രക്ഷപ്പെടുത്തി. പ്രാഥമിക ആരോഗ്യപരിശോധനക്ക് ശേഷം കൊച്ചിയിലെ നാവികസേന ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നൽകി.
മുങ്ങിയ കപ്പലിലെ 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തിൽ അപകടകരമായ ചരക്കുകളാണ്. 12 എണ്ണത്തിൽ കാൽസ്യംകാർബൈഡ് ആണ്. 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും ഇതിലുണ്ടായിരുന്നു. ഇത് കേരള തീരത്ത് ഒഴുകിയെത്താനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതനിർദേശം പുറപ്പെടുവിച്ചിരുന്നു.
കേരള തീരത്തെ ലോലസമുദ്ര ആവാസവ്യവസ്ഥ കണക്കിലെടുത്ത് സമ്പൂര്‍ണ മലിനീകരണ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോസ്റ്റ് ഗാര്‍ഡ് തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കി. എണ്ണച്ചോർച്ച കണ്ടെത്താന്‍ നൂതന സംവിധാനങ്ങളടങ്ങിയ കോസ്റ്റ് ഗാര്‍ഡ് വിമാനങ്ങളുടെ വ്യോമനിരീക്ഷണത്തിനൊപ്പം മലിനീകരണ പ്രതിരോധ സംവിധാനങ്ങളടങ്ങുന്ന കോസ്റ്റ് ഗാര്‍ഡ് കപ്പൽ ‘സക്ഷം’ മേഖലയിലെത്തി.
വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എം.എസ്.സി എല്‍സ-3 ശനിയാഴ്ച ഉച്ചക്ക് 1.25ഓടെ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് ഭാഗത്തുവെച്ച് 26 ഡിഗ്രി ചരിഞ്ഞതോടെയാണ് അപകടാവസ്ഥയുണ്ടായത്.
24 ജീവനക്കാരിൽ റഷ്യ, യുക്രെയ്ൻ, ജോർജിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ പൗരന്മാരടക്കം 21 പേരെയും വൈകീട്ടോടെ രക്ഷപ്പെടുത്തി. കപ്പല്‍ വീണ്ടെടുക്കാന്‍ നടത്തുന്ന ക്രമീകരണങ്ങളിൽ സഹായിക്കുന്നതിന് മൂന്ന് മുതിർന്ന ജീവനക്കാര്‍ കപ്പലിൽ തുടരുകയാണ്. എന്നാല്‍, രാത്രിയോടെ കപ്പലിന്റെ അവസ്ഥ മോശമാവുകയും ഞായറാഴ്ച രാവിലെ കപ്പല്‍ മറിയുകയുമായിരുന്നു. കപ്പൽ ഉപേക്ഷിക്കാൻ നിർബന്ധിതരായ മൂന്ന് ജീവനക്കാരെയും ഐ.എൻ.എസ് സുജാത ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

