കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറിന് തീപിടിച്ചു; ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് നീക്കുന്നതിനിടെയാണ് അപകടം
text_fieldsകൊല്ലം: കൊച്ചി പുറംകടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം ശക്തികുളങ്ങര തീരത്തടിഞ്ഞ കണ്ടെയ്നറിന് തീപിടിച്ചു. കണ്ടെയ്നർ മുറിച്ച് നീക്കുന്നതിനിടെയാണ് തീപിടിച്ചത്. മുൻകരുതലായി സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന അഗ്നിശമനസേന തീ അണച്ചു.
റെഫ്രിജറേറ്റർ സംവിധാനമുള്ള കണ്ടെയ്നറുകളിൽ തെർമോക്കോൾ കവചമുണ്ട്. ഗ്യാസ് കട്ടിങ് നടത്തി കണ്ടെയ്നറുകൾ രണ്ടായി വേർപ്പെടുത്തുന്നതിനിടെ തെർമോക്കോളിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന് പിന്നാലെ വലിയ പുക ഉയർന്നത് പ്രദേശത്തെ ജനവാസമേഖലയിൽ ആശങ്കക്ക് വഴിവെച്ചു. അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
കപ്പൽ അപകടത്തിന് പിന്നാലെ കൊല്ലത്തിന്റെ വിവിധ തീരപ്രദേശങ്ങളിലായി 41 കണ്ടെയ്നറുകൾ അടിഞ്ഞിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, തിരുവനന്തപുരം, വർക്കല, നെയ്യാറ്റിൻകര, ചിറയിൻകീഴ് താലൂക്കുകളുടെ തീരമേഖലയിലാണ് കണ്ടെയ്നറുകൾ കരക്കടിഞ്ഞത്. ഇതിൽ ഒമ്പത് കണ്ടെയ്നറുകളാണ് ശക്തികുളങ്ങര തീരത്തടിഞ്ഞത്. കണ്ടെയ്നറുകൾ രണ്ടായി മുറിച്ച് റോഡ്, ജല മാർഗങ്ങൾ വഴി കൊല്ലം തുറമുഖത്തിലേക്കാണ് നീക്കുന്നത്. മുങ്ങിത്താഴ്ന്ന കപ്പലിലുണ്ടായിന്ന കണ്ടെയ്നറുകളിൽ ബുധനാഴ്ച വൈകീട്ട് വരെ കരക്കടിഞ്ഞത് 54 എണ്ണമാണ്.
അതേസമയം, കൊച്ചി പുറംകടലിൽ ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ കേസെടുക്കാൻ സർക്കാർ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി), കപ്പലിന്റെ ക്യാപ്റ്റൻ, പ്രധാന എൻജിനീയർമാർ എന്നിവരെ എതിർകക്ഷികളാക്കി കേസെടുക്കാനാണ് ആലോചന. കണ്ടെയ്നറുകൾ കടലിൽ വീണതു മൂലമുണ്ടായ മലിനീകരണം, അത് മത്സ്യസമ്പത്തിനും കടലിലെ ആവാസവ്യവസ്ഥക്കും സൃഷ്ടിക്കുന്ന വെല്ലുവിളി, തീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവ മുൻനിർത്തി നിയമനടപടി സ്വീകരിക്കുന്നതിലെ സാധ്യതകളാണ് പരിശോധിക്കുന്നത്.
എന്നാൽ, സാങ്കേതിക തകരാർ മൂലമാണ് കപ്പൽ മുങ്ങിയതെന്ന് ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി അവകാശപ്പെടുന്ന പശ്ചാത്തലത്തിൽ കരുതലോടെയാണ് സർക്കാർ നീക്കം. വിഴിഞ്ഞം ഉൾപ്പെടെ രാജ്യത്തെ പ്രധാന തുറമുഖങ്ങൾ കേന്ദ്രീകരിച്ച് കപ്പൽ സർവിസ് നടത്തുന്ന വൻകിട കമ്പനിയെ പ്രതിസ്ഥാനത്ത് നിർത്തേണ്ടിവരുന്ന സാഹചര്യവും പരിശോധിക്കുന്നുണ്ട്.
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ലൈബീരിയൻ ചരക്കുകപ്പൽ ‘എം.എസ്.സി എൽസ-3’ അപകടത്തിൽപെടാൻ കാരണം ബല്ലാസ്റ്റ് ടാങ്കറിനുണ്ടായ സാങ്കേതിക തകരാറെന്ന് മറൈൻ മർക്കന്റൈൽ ഡിപ്പാർട്മെന്റിന്റെ (എം.എം.ഡി) കണ്ടെത്തൽ. കപ്പൽ ആടിയുലയുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ കപ്പലുകളുടെ അടിത്തട്ടിൽ വെള്ളം സംഭരിക്കുന്ന ടാങ്കുകളാണ് ബല്ലാസ്റ്റ്.
യാത്രക്കിടെ വലതുവശത്തെ ടാങ്കുകളിലൊന്നിലേക്ക് കൂടുതൽ വെള്ളം നിറഞ്ഞ് കപ്പൽ ഒരുവശത്തേക്ക് ചരിയുകയായിരുന്നു. പ്രശ്നം പരിഹരിച്ച് കപ്പൽ സഞ്ചാരയോഗ്യമാക്കാനുള്ള ശ്രമം മോശം കാലാവസ്ഥ സങ്കീർണമാക്കിയെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

