സോളാര്‍ പ്ലാന്റുകള്‍ പ്രവർത്തിപ്പിക്കാൻ ആവാതെ ഉപഭോക്താക്കൾ
text_fieldsകൊല്ലം: വൈദ്യുതി നിയന്ത്രണം കടുപ്പിച്ചിട്ടും, വൻ തുക ചെലവഴിച്ച് വീടുകൾക്ക് മുകളിൽ സ്ഥാപിച്ച സോളാര്‍ പ്ലാന്റുകള്‍ പ്രവർത്തിപ്പിക്കാനാവാതെ ഉപഭോക്താക്കൾ. സ്ഥാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കണക്ഷന്‍ നല്‍കാനുള്ള നെറ്റ് മീറ്ററുകള്‍ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അമ്പതിനായിരത്തോളം ഗാര്‍ഹിക പ്ലാന്റുകളാണ് നിലവില്‍ നിശ്ചലമായി കിടക്കുന്നത്.
നല്ല രീതിയില്‍ സൗരോർജ ഉൽപാദനം നടക്കേണ്ട ഈ ചൂടുകാലത്ത് കെ.എസ്.ഇ.ബിയുടെ അനാസ്ഥ കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്നത്. ഇവ പ്രവർത്തിപ്പിച്ചാൽതന്നെ നിയന്ത്രണമില്ലാതെ നിലവിലെ വൈദ്യുത പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ലക്ഷക്കണക്കിന് രൂപ മുടക്കി പുരപ്പുറ സോളാർ സ്ഥാപിച്ചവർക്ക് വൈദ്യുതി ബില്ലും പ്ലാന്റിനായി വായ്പ എടുത്തതിന്‍റെ പലിശയും ഒരേസമയം അടയ്‌ക്കേണ്ട ദുരവസ്ഥയാണ് നിലവിൽ. സോളാർ പാനലുകൾ പൂർണമായി സജ്ജീകരിച്ചിട്ടും ഗ്രിഡിലേക്ക് വൈദ്യുതി നൽകാനുള്ള നെറ്റ് മീറ്റർ ഇല്ലാത്തതിനാലാണ് വീടുകളിൽ സോളാർ കണക്ഷൻ പൂർത്തിയാക്കാൻ കഴിയാത്തത്.
കൊല്ലം ജില്ലയിൽ മാത്രം അയ്യായിരത്തോളം കണക്ഷനുകൾ പൂർത്തിയാക്കാനാവാതെ കിടക്കുന്നുണ്ട്. നെറ്റ് മീറ്ററുകളുടെ വിതരണം തുടങ്ങാന്‍ ഇനിയും ഒരുമാസമെങ്കിലും എടുക്കുമെന്നാണ് കെ.എസ്.ഇ.ബി ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. കേന്ദ്ര സർക്കാറിന്റെ ‘പി.എം സൂര്യ ഘർ’ പദ്ധതിയുടെ സബ്‌സിഡി ആനുകൂല്യം നേടാനായി വലിയ തോതിൽ ആളുകൾ സോളാർ പാനലുകൾ സ്ഥാപിച്ചതാണ് കേരളത്തിൽ സോളാർ നെറ്റ് മീറ്ററുകൾക്ക് കടുത്ത ക്ഷാമം നേരിടാൻ കാരണമായതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

