കൺസ്യൂമർഫെഡ് ഓണച്ചന്ത: 13 ഇനങ്ങൾക്ക് സബ്സിഡി
text_fieldsകൺസ്യൂമർ ഫെഡ് ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാൾ നോക്കിക്കാണുന്നു. മന്ത്രിമാരായ വി.എൻ. വാസവൻ വി. ശിവൻകുട്ടി, ആന്റണി രാജു എം.എൽ.എ തുടങ്ങിയവർ സമീപം
തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടികളിൽനിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 10 ദിവസം നീളുന്ന കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഓണനാളിൽ ഒരുമണി അരി പോലും അധികമായി നൽകാനാവില്ലെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. നമ്മളെ പ്രയാസത്തിലാക്കാൻ സ്വീകരിക്കുന്ന നടപടിയാണെങ്കിലും പിന്നോട്ടില്ലെന്നും സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനതലത്തിൽ 1800 കേന്ദ്രങ്ങളിലാണ് ഓണച്ചന്ത ആരംഭിക്കുന്നത്. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
മന്ത്രി വി. ശിവൻകുട്ടി ആദ്യവിൽപന നിർവഹിച്ചു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ആന്റണി രാജു എം.എൽ.എ, കൺസ്യൂമർ ഫെഡ് ചെയർമാൻ പി.എം. ഇസ്മായിൽ, സഹകരണ സംഘം രജിസ്ട്രാർ ഡി. സജിത്ത് ബാബു, സഹകരണ ഓഡിറ്റ് വകുപ്പ് ഡയറക്ടർ എം.എസ്. ഷെറിൻ എന്നിവർ സംബന്ധിച്ചു.
സബ്സിഡി സാധനങ്ങളുടെ വില
ജയ അരി (എട്ട് കിലോ) - 264
കുറുവ അരി (എട്ട് കിലോ) - 264
കുത്തരി (എട്ട് കിലോ) - 264
പച്ചരി (രണ്ട് കിലോ) - 58
പഞ്ചസാര (ഒരു കിലോ) - 34.65
ചെറുപയർ (ഒരു കിലോ) - 90
വൻകടല (ഒരു കിലോ) - 65
ഉഴുന്ന് (ഒരു കിലോ) - 90
വൻപയർ (ഒരു കിലോ) - 70
തുവരപ്പരിപ്പ് (ഒരു കിലോ) - 93
മുളക് (ഒരു കിലോ) - 115.50
മല്ലി (500 ഗ്രാം) - 40.95
വെളിച്ചെണ്ണ (ഒരു ലിറ്റർ)- 349
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

