35 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കൺസ്യൂമർ ഫെഡ് ജീവനക്കാരൻ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും സ്കൂൾ സ്റ്റേഷനറി ഉൽപന്നങ്ങൾ നൽകി 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കൺസ്യൂമർ ഫെഡ് താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ.
കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡിന്റെ പുലാമന്തോൾ ത്രിവേണി സൂപ്പർമാർക്കറ്റിലെ യൂനിറ്റ് ഇൻചാർജും ദിവസവേതനക്കാരനുമായ പട്ടിക്കാട് കരുവമ്പാറയിലെ കൊടുവനക്കൽ കെ.വി. വിനീത് (36) ആണ് അറസ്റ്റിലായത്. 2022 ഒക്ടോബർ ഒന്നു മുതൽ 2025 ഏപ്രിൽ 11 വരെ കൺസ്യൂമേഴ്സ് ഫെഡറേഷന്റെ പുലാമന്തോൾ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ ത്രിവേണി സൂപ്പർ മാർക്കറ്റിൽ യൂനിറ്റ് ഇൻചാർജായിരുന്നു ഇയാൾ.
സർക്കാർ-അർധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സ്കൂൾ സ്റ്റേഷനറി ഉൽപന്നങ്ങളും ഗ്രോസറി ഉൽപന്നങ്ങളും നൽകിയിട്ടുണ്ട്. സാധനങ്ങൾ നൽകിയാൽ സ്ഥാപനങ്ങളിൽനിന്ന് ഡിജിറ്റലായും ഗൂഗിൾപേ വഴിയുമാണ് പണം ലഭിക്കാറുള്ളത്. ഇത് നേരിട്ട് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ചില ഘട്ടങ്ങളിൽ പ്രതി സ്ഥാപനങ്ങളിൽ എത്തി പണം കൈപ്പറ്റി കൺസ്യൂമർ ഫെഡിൽ അടക്കാതെ സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിച്ചതായും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇപ്രകാരം 34,67,432 രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് ബോധ്യമായത്. പ്രതിയെ അറസ്റ്റ് ചെയ്ത് പെരിന്തൽമണ്ണ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെ നിർദേശാനുസരണം സി.ഐ സുമേഷ് സുധാകരൻ, എസ്.ഐമാരായ ഷിജോ സി. തങ്കച്ചൻ, ടി.പി. ഉദയൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

