കോവിഡ് ക്ലെയിം നിരസിച്ചു; ഇൻഷുറൻസ് കമ്പനി 2.85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി
text_fieldsകൊച്ചി: കോവിഡ് ബാധിച്ചതായി കണ്ടെത്തുകയും 72 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടക്കുകയും ചെയ്തിട്ടും ഇൻഷുറൻസ് തുക നൽകാത്ത ഓറിയൻറൽ ഇൻഷുറൻസ് കമ്പനി രണ്ടരലക്ഷം രൂപ ഇൻഷുറൻസ് ക്ലെയിമും 35,000 രൂപ നഷ്ടപരിഹാരവും പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം അങ്കമാലി സ്വദേശി ജോജോ ജി.എം. ഓറിയൻറൽ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
പരാതിക്കാരനും കുടുംബവും 10 വർഷമായി ആരോഗ്യ ഇൻഷുറൻസ് എടുത്തവരാണ്. കൂടാതെ, 2020ൽ കൊറോണ രക്ഷക്ക് പോളിസിയിലും ചേർന്നു. കോവിഡ് പോസിറ്റീവ് ആവുകയും 72 മണിക്കൂർ ആശുപത്രിയിൽ കിടക്കുകയും ചെയ്താൽ രണ്ടര ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കും എന്നതായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാഗ്ദാനം. 2021 ഏപ്രിൽ മാസത്തിൽ പരാതിക്കാരനെ കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പോളിസി തുകക്കായി നൽകിയ അപേക്ഷ ചില സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇൻഷുറൻസ് കമ്പനി നിരാകരിച്ചു.
തുടർന്നാണ് പരാതിക്കാരനും ഭാര്യയും ഇൻഷുറൻസ് ഓംബുഡ്സ്മാന് പരാതി നൽകിയത്. ഭാര്യയുടെ ഇൻഷുറൻസ് ക്ലെയിം രണ്ടര ലക്ഷം രൂപ ഇൻഷുറൻസ് ഓംബുഡ്സ്മാൻ അനുവദിച്ചുവെങ്കിലും പരാതിക്കാരന്റെ തുക അനുവദിക്കാൻ തയ്യാറായില്ല. തുടർന്നാണ് എറണാകുളം ജില്ല ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഇൻഷുറൻസ് കമ്പനിയുടെ നിബന്ധന അനുസരിച്ച് 72 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടക്കണം എന്നാണ് പരാതിക്കാരൻ ഏഴ് ദിവസം ആശുപത്രിയിൽ കിടന്നു. കർക്കശമായ നിബന്ധനകൾ നിലവിലുള്ളതിനാൽ പിന്നീട് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തുകയായിരുന്നു. ഇൻഷുറൻസ് കമ്പനിയുടെ നിബന്ധനകൾ എല്ലാം പാലിച്ച പരാതിക്കാരന് കമ്പനി വാഗ്ദാനം ചെയ്ത പോലെ ഇൻഷുറൻസ് ലഭിക്കാൻ അവകാശമുണ്ടെന്ന് ഡി.ബി. ബിനു പ്രസിഡന്റ്, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി കണ്ടെത്തി.
45 ദിവസത്തിനകം ഇൻഷുറൻസ് തുകയായ 2.5 ലക്ഷം രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവു ഇൻഷുറൻസ് കമ്പനി പരാതിക്കാരന് നൽകണമെന്ന് കോടതി നിർദേശിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. പി.യു. സിയാദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

