ബ്ലേഡ് മാഫിയയുടെ ഭീഷണി; കെട്ടിട നിർമാണത്തൊഴിലാളി ജീവനൊടുക്കി
text_fieldsപറളി: കെട്ടിട നിർമാണത്തൊഴിലാളി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. പറളി കിണാവല്ലൂർ അനശ്വര നഗറിൽ കാരക്കാട്ട് പറമ്പിൽ പ്രവീൺ (29) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബ്ലേഡ് പലിശക്കാരുടെ ഭീഷണിയാണ് മരണ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
വട്ടിപ്പലിശക്കാരിൽനിന്നും പലപ്പോഴായി പ്രവീൺ പണം കടമെടുത്തിരുന്നു. തിരിച്ചടക്കാൻ കഴിയാതിരുന്നതിനാൽ പലിശ ഇരട്ടിച്ച് വൻ തുകയായി. വെള്ളിയാഴ്ച വൈകുന്നേരം വട്ടിപ്പലിശക്കാരനായ ഒരാൾ വീട്ടിലെത്തി പ്രവീണിനെ ഭീഷണിപ്പെടുത്തിയതായി വീട്ടുകാർ പറയുന്നു.
ശനിയാഴ്ച രാവിലെ ഏഴിനകം 10,000 രൂപ വീട്ടിലെത്തിക്കണമെന്നും അല്ലാത്തപക്ഷം ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നുമായിരുന്നു ഭീഷണി. ഇതിനുശേഷം പ്രവീൺ ആകെ അസ്വസ്ഥനായിരുന്നുവെന്നും ബ്ലേഡുകാരന്റെ ഭീഷണിയിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും കുടുംബം പൊലീസിനോട് പറഞ്ഞു. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
പിതാവ്: കാരക്കാട്ട് പറമ്പിൽ കണ്ണൻ. ഭാര്യ: രാഖി. മൂന്നു വയസ്സുകാരിയായ പ്രഖിയ, ഒന്നര വയസ്സുകാരൻ പ്രഫുൽ എന്നിവർ മക്കളാണ്.
ഞായറാഴ്ച ഭാര്യയുടേയും പിതാവിന്‍റേയും മൊഴി പൊലീസ് രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

