വാട്ടർ മെട്രോ ജെട്ടി നിർമാണം: ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: വാട്ടർ മെട്രോയുടെ ഹൈകോടതി ജെട്ടി നിർമാണത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ.
പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് ജെട്ടി നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കെ. ജി. പ്രതാപ സിംഹൻ എന്നയാൾ നൽകിയ ഹരജിയിൽ ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് എൻ. നഗരേഷ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിനെതിരെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് കൊച്ചിയിൽ വാട്ടർ മെട്രോ നിർമാണം നടക്കുന്നതെന്ന് ആരോപിച്ച് ഹരജിക്കാരൻ നേരത്തേ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയിരുന്നു. ഇത് തള്ളിയതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെയും തള്ളി.
ഈ വിവരങ്ങൾ മറച്ചുവെച്ചാണ് ഹരജിക്കാരൻ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ച് ഉത്തരവ് വാങ്ങിയതെന്ന് ഹരജിക്കാരനെയും കേന്ദ്ര സർക്കാറിനെയും കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയെയും എതിർ കക്ഷിയാക്കി കൊച്ചി മെട്രോ അധികൃതർ നൽകിയ ഹരജിയിൽ ആരോപിക്കുന്നു.

