പ്രവൃത്തി ഒച്ചിഴയും വേഗത്തിൽ; മൂരാട് മുതൽ നന്തിബസാർ വരെ ദുരിതമയം
text_fieldsഇരിങ്ങലിൽ നിർമാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാത
പയ്യോളി: അഴിയൂർ-വെങ്ങളം റീച്ചിൽ ആറുവരിപ്പാതയുടെ പ്രവൃത്തി ആദ്യം തുടങ്ങിയ ഭാഗമാണ് മൂരാട് മുതൽ നന്തിബസാർ വരെയുള്ള 11 കിലോമീറ്റർ ദൂരം. ഇതിൽ മൂരാട് മുതൽ പയ്യോളി വരെ 2022ന്റെ തുടക്കത്തിൽത്തന്നെ നിർമാണ പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാൽ, ഒച്ചിഴയും പോലെയാണ് നിർമാണപ്രവർത്തനങ്ങൾ നീങ്ങുന്നത്. വെള്ളക്കെട്ടും കുഴികളും കാരണം മഴക്കാലത്താണ് ഇതുകൊണ്ട് നാട്ടുകാരും യാത്രക്കാരും ഏറ്റവുമധികം ദുരിതം പേറുന്നത്.
കരാറുകാരായ അദാനി കൺസ്ട്രക്ഷൻസിന്റെ ഉപ കരാറുകാരായ വഗാഡ് ഇൻഫ്രാ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണച്ചുമതല. 2022ലെയും 2023ലെയും കാലവർഷങ്ങളിൽ നേരിട്ടതിനേക്കാൾ ദുരിതമാണ് ഇത്തവണ കാലവർഷം തുടങ്ങിയപ്പോൾ തന്നെ മേഖലയിൽ നേരിടുന്നത്.
സർവിസ് റോഡുകളുടെയും അനുബന്ധമായി നിർമിച്ച ഓവുചാലുകളുടെയും തകർച്ച, പൂർത്തിയാക്കാനിരിക്കുന്ന കലുങ്കുകളുടെയും അടിപ്പാതകളുടെയും നിർമാണം തുടങ്ങിയവ പ്രവൃത്തിയുടെ വേഗക്കുറവിന് പ്രധാന കാരണങ്ങളായി ചൂണ്ടികാണിക്കപ്പെടുന്നു.
ആശ്വാസമായി മൂരാട് പുതിയ ആറുവരിപ്പാലം
കോഴിക്കോട്-കണ്ണൂർ ദേശീയപാതയിലെ പ്രധാന ഗതാഗത കുരുക്കുകളിലൊന്നായിരുന്നു മൂരാട് പാലം. ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ പൂർത്തീകരിച്ച ആറുവരിപ്പാലം താൽക്കാലികമായി തുറന്നുകൊടുത്തത് യാത്രക്കാർക്ക് ഏറെ അനുഗ്രഹമായി.
സദാ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന മൂരാട് പാലത്തിന് പകരം പുതിയ പാലത്തിനായി മുറവിളി ഉയർന്നതോടെ വടകര പാലോളിപ്പാലം മുതൽ മൂരാട് പാലം ഉൾപ്പടെയുള്ള ആറുവരിയിലുള്ള 2.1 കിലോമീറ്റർ ദൂരമാണ് സഞ്ചാരയോഗ്യമായിരിക്കുന്നത്. സംസ്ഥാന സർക്കാറും എൻ.എച്ച്.എയും പ്രത്യേക താൽപര്യമെടുത്താണ് പുതിയ പാലം നിർമാണം മൂന്നുവർഷം കൊണ്ട് പൂർത്തീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതുകൊണ്ട് ഔദ്യോഗിക ഉദ്ഘാടനം പിന്നീട് മാത്രമേ ഉണ്ടാകൂ.
വികസനത്തിനായി ടൗണിനെ ബലിയർപ്പിച്ച് പയ്യോളി
ജില്ലയിൽ റോഡുവികസനത്തിന് ഒരു ടൗണിന്റെ ഹൃദയഭാഗത്തെത്തന്നെ ബലിയർപ്പിച്ച നാടാണ് പയ്യോളി. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി 150ഓളം കടകളും കെട്ടിടങ്ങളുമാണ് ടൗണിൽ ഇരുഭാഗത്തുമായി പൊളിച്ചുനീക്കിയത്. ബീച്ച് റോഡ്-പേരാമ്പ്ര റോഡ് ജങ്ഷനിൽ മേൽപാലം നിർമാണം പുരോഗമിക്കുകയാണ്. വടക്കുഭാഗത്ത് കോടതിയുടെ മുന്നിൽനിന്ന് തുടങ്ങി തെക്കുഭാഗത്ത് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടം വരെ മാത്രമേ പാലത്തിനടിയിലൂടെ ഇരുവശത്തേക്കും പ്രവേശിക്കാൻ സാധിക്കൂ.
ബാക്കി പൊലീസ് സ്റ്റേഷൻ മുതൽ രണ്ടാം ഗേറ്റിന് സമീപം വരെ മണ്ണിട്ടുയർത്തിയാണ് പുതിയ പാത കടന്നുപോവുക. ഇതിനുപകരം ടൗണിലെ മേൽപാലം മുഴുവനായും തൂണുകളിൽ സ്ഥാപിക്കണമെന്ന ആവശ്യത്തിന് അധികൃതർ കനിയാത്തത് തിരിച്ചടിയായി.
ഇരുഭാഗത്തേക്കും സർവിസ് റോഡുകൾ വഴി വൺവേയായാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ പേരാമ്പ്ര റോഡ്-ബീച്ച് റോഡ് ജങ്ഷനിൽ നാലുഭാഗത്തേക്കും വാഹനങ്ങളെ കടത്തിവിടുമ്പോൾ വൻ ഗതാഗതക്കുരുക്കാണ് ടൗണിൽ അനുഭവപ്പെടുന്നത്.
അടിപ്പാതക്കായി എങ്ങും മുറവിളി
മൂരാടിനെയും നന്തിയെയും കൂടാതെ 11 കിലോമീറ്ററിനിടയിൽ പയ്യോളിയിൽ മാത്രമായിരുന്നു ആദ്യം അടിപ്പാത അനുവദിച്ചത്. എന്നാൽ, നിർമാണം പുരോഗമിക്കെ വിവിധയിടങ്ങളിൽനിന്ന് അടിപ്പാതക്കായുള്ള ആവശ്യമുയരുകയായിരുന്നു. പിന്നീട് പെരുമാൾപുരത്തും തിക്കോടി പഞ്ചായത്ത് ബസാറിലും അനുവദിച്ച അടിപ്പാതയുടെ നിർമാണം പൂർത്തീകരണ ഘട്ടത്തിലാണ്.
ഇരിങ്ങലിലും അയനിക്കാട് പോസ്റ്റ് ഓഫിസിന് സമീപവും അടിപ്പാത അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. തിക്കോടി ടൗണിലും അടിപ്പാത വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലാണ്. ദീർഘവീക്ഷണമില്ലാത്ത വികസനത്തിന് ഉദാഹരണമാണ് അടിപ്പാത അനുവദിക്കുന്ന വിഷയത്തിൽ സംഭവിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കൊയിലാണ്ടിയിലും ദുരിതം
നിലവിലെ ദേശീയപാതയുമായി ബൈപാസ് റോഡ് സന്ധിക്കുന്നിടത്താണ് ഏറെ പ്രയാസമനുഭവപ്പെടുന്നത്. ഇതോടൊപ്പം ദേശീയപാതയിൽനിന്ന് ഉൾഭാഗത്തേക്ക് പോകേണ്ട തിരുവങ്ങൂർ, കാപ്പാട്, പൂക്കാട്, ചേമഞ്ചേരി, കാഞ്ഞിലശ്ശേരി പൊയിൽക്കാവ്, ചേലിയ, മേലൂർ, കൊല്ലം, നെല്യാടിക്കടവ്, അണേലക്കടവ്, മണമൽ, പന്തലായനി, അരിക്കുളം ഭാഗങ്ങളിലേക്കും യാത്ര ദുരിതമയമാണ്.
അടിപ്പാത നിർമാണം പൂർത്തിയായ അഞ്ചാംപീടിക-അരിക്കുളം റോഡിലും നെല്യാടി കടവ് റോഡിലും മഴ പെയ്താൽ വലിയ വെള്ളക്കെട്ടാണ്. പലയിടങ്ങളിലും റോഡോരങ്ങളിലെ വലിയ മൺതിട്ടയും കോൺക്രീറ്റ് മതിൽ സ്ഥാപിക്കാൻ വലിയ ചാലുകൾ തീർത്തതും കാരണം റോഡിന്റെ വശങ്ങൾ മഴയിൽ ഇടിഞ്ഞുതാഴുന്നതും പതിവാണ്.
ദുരിതങ്ങൾ ആരോട് പറയാൻ, ആര് കേൾക്കാൻ?
പലയിടത്തും പൊട്ടിപ്പൊളിഞ്ഞ സർവിസ് റോഡുകൾ. അനുബന്ധമായി നിർമിച്ച ഡ്രെയ്നേജ് സ്ലാബുകൾ വാഹനങ്ങൾ കയറിയിറങ്ങി പൊട്ടിത്തകർന്ന് ഒരാൾ പൊക്കത്തിലുള്ള വൻകുഴി.
ബസ് പോലുള്ള ഒരു വലിയ വാഹനത്തിന് കടന്നുപോകാൻ മാത്രം വീതിയുള്ള വൺവേ. ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ സർവിസ് റോഡിൽനിന്ന് മറികടന്നുപോകാനാകാതെ സൈറൺ മുഴക്കുന്ന ദയനീയ കാഴ്ച. വൺവേ സർവിസ് റോഡിൽ ഒരു വാഹനം ബ്രേക്ക് ഡൗണായാൽ കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്ക്.
വെള്ളക്കെട്ടിൽ കുഴികൾ തിരിച്ചറിയാതെ അപകടത്തിൽപെടുന്ന ഇരുചക്രവാഹനക്കാർ! ദേശീയപാതയിലെ നിത്യ കാഴ്ചകളാണിവ. പരാതിപ്പെട്ടാൽ പൊലീസും അധികൃതരും കൈമലർത്തുന്ന അവസ്ഥയിൽ നാഥനില്ലാക്കളരിയായി മാറുകയാണ് ദേശീയപാത നിർമാണം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

