തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലും ക്രമക്കേട് കണ്ടെത്തിയ കേസിലും ഒളിച്ചുകളി തുടരുന്നു. കോൺസ്റ്റബിൾ പരീക്ഷതട്ടിപ്പ് കേസിലാണ് ഇനിയും കുറ്റപത്രം സമർപ്പിക്കാത്തത്. എസ്.എഫ്.െഎ നേതാക്കൾക്ക് കോൺസ്റ്റബിൾ പരീക്ഷയിൽ ഉന്നതവിജയം ലഭിച്ചതായിരുന്നു പി.എസ്.സിയുടെ വിശ്വാസ്യതതന്നെ നഷ്ടപ്പെടുത്തിയത്. ഒടുവിൽ ആരോപണവിേധയരായ ചിലരുടെ പേരുകൾ റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാക്കി പി.എസ്.സി ഇതിൽനിന്ന് തടിയൂരി. കേസിൽ പ്രതികളെയെല്ലാം പിടികൂടിയെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.
എന്നാൽ പി.എസ്.സി ജീവനക്കാർ, കോളജ് ജീവനക്കാർ തുടങ്ങിയവരുടെ ഇടപെടലുകളടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ കത്തിക്കുത്ത് കേസിൽ പ്രതിയായപ്പോഴാണ് പരീക്ഷതട്ടിപ്പിെൻറ വിവരങ്ങൾ പുറത്തുവന്നത്. തട്ടിപ്പ് വ്യക്തമായിട്ടും കുറ്റപത്രം അനിശ്ചിതമായി വൈകുകയാണ്. ഇതോടെ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങുകയും ചെയ്തു.
യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ കോളജ് യൂനിറ്റ് പ്രസിഡൻറുമായിരുന്ന ആര്. ശിവരഞ്ജിത്തിന് പൊലീസ് കോൺസ്റ്റബിൾ പട്ടികയിൽ ഒന്നാം റാങ്കായിരുന്നു. രണ്ടാം പ്രതിയും ജനറൽ സെക്രട്ടറിയുമായിരുന്ന എ.എന്‍. നസീമിന് 28ാം റാങ്കും യൂനിറ്റ് കമ്മിറ്റി അംഗമായിരുന്ന പി.പി. പ്രണവിന് രണ്ടാം റാങ്കുമാണ് ലഭിച്ചത്. ഉയർന്ന റാങ്കുകൾക്ക് പിന്നിൽ കോപ്പിയടിയെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയും പി.എസ്.സി ചെയർമാനും ആദ്യം നിഷേധിച്ചു. എന്നാൽ പി.എസ്.സി വിജിലന്‍സിെൻറ പ്രാഥമിക പരിശോധനയില്‍ കോപ്പിയടിയാണെന്ന് തെളിഞ്ഞു.
മൂന്നുപേരും ഉന്നത റാങ്ക് നേടിയത് കോപ്പിയടിച്ചാണെന്ന് തെളിവ് സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. ചില സൈബര്‍ വിവരങ്ങള്‍ കൂടി കിട്ടാനുണ്ടെന്നും അതാണ് കുറ്റപത്രം വൈകുന്നതെന്നുമാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.