‘ദേവസ്വം ബോർഡിന് ഒഴിഞ്ഞു മാറാനാകില്ല, മിനിട്സ് പിടിച്ചെടുത്ത് ഹാജരാക്കണം’: ശബരിമല സ്വർണക്കൊള്ളയിൽ ഹൈകോടതി
text_fieldsകൊച്ചി: ശബരിമല സ്വർണക്കൊള്ളക്ക് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രത്യേക സംഘത്തോട് (എസ്.ഐ.ടി) ഹൈകോടതി. കൂടുതൽ വിപുലവും നന്നായി ആസൂത്രണം ചെയ്തതുമായ പദ്ധതിയുടെ ഭാഗമായാണ് സ്വർണം നഷ്ടപ്പെട്ടതെന്ന് കരുതേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സമഗ്രമായി അന്വേഷിക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
ഹരജി വീണ്ടും പരിഗണിക്കുന്ന നവംബർ അഞ്ചിന് എസ്.ഐ.ടിക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് മിനിട്സ് പിടിച്ചെടുത്ത് ഹാജരാക്കുകയും വേണം. ഇതിൽ പങ്കുള്ള ഓരോ ദേവസ്വം ഉദ്യോഗസ്ഥനെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തുള്ളവർക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാകില്ല. 2019ലെ സ്വർണമോഷണം മറയ്ക്കാനാകണം 2025ലും ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണൻ പോറ്റിക്കുതന്നെ നൽകാൻ ദേവസ്വം അധികൃതർ അമിത താൽപര്യം കാട്ടിയതെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
1998-’99ൽ ശ്രീകോവിലടക്കം പൊതിഞ്ഞത് 30.291 കി.ഗ്രാം സ്വർണം കൊണ്ടാണെന്നതിൽ തർക്കമില്ല. എന്നാൽ, 2019ൽ ചെമ്പുപാളികൾ എന്ന വ്യാജേന പോറ്റിക്ക് ശിൽപങ്ങൾ കൈമാറിയപ്പോൾ ഏതെങ്കിലും ഉദ്യോഗസ്ഥൻ അനുഗമിക്കുകയോ ഇവ തിരിച്ചെത്തിച്ചപ്പോൾ തൂക്കം രേഖപ്പെടുത്തുകയോ ചെയ്തില്ല. ചെമ്പുപാളിയെന്ന് രേഖപ്പെടുത്തി കൊണ്ടുപോകാനും അനുമതി ലഭിച്ചു. സന്നിധാനത്ത് അറ്റകുറ്റപ്പണി ചെയ്യണമെന്ന ദേവസ്വം ബോർഡ് സബ് -ഗ്രൂപ് മാന്വൽ അവഗണിച്ചാണ് തമിഴ്നാട്ടിലേക്ക് കൊടുത്തയച്ചത്. ദേവസ്വം തലപ്പത്തുള്ളവരും ഇതിനെല്ലാം ഉത്തരവാദികളാണ്.
474.9 ഗ്രാം സ്വർണമാണ് അന്ന് കുറവു വന്നത്. ഇതേക്കുറിച്ച് പോറ്റി സൂചന നൽകിയിട്ടും വീണ്ടെടുക്കാൻ ആരും ശ്രമിക്കാത്തത് ബോധപൂർവമാണ്. സ്വർണത്തിൽ കുറവുണ്ടായിട്ടും പാളികൾ ഇത്തവണയും പോറ്റിക്കുതന്നെ കൊടുത്തുവിട്ടത് മുൻ മോഷണം മറയ്ക്കാനാണെന്ന് സംശയിക്കണം. അതിനാൽ വലിയ ഗൂഢാലോചന നടന്നുവെന്നുതന്നെ കരുതണം.
തലപ്പത്തുനിന്ന് താഴെ ശ്രേണിയിലേക്ക് കൃത്യത്തിൽ പങ്കുള്ള ഓരോരുത്തരിലും അന്വേഷണം എത്തണം. മറ്റുള്ളവരെ പഴിപറഞ്ഞ് തലയൂരാനാകില്ല. പ്രതിഷ്ഠയുടെ വിലപ്പെട്ട സ്വത്തുക്കൾ സംരക്ഷിക്കാൻ കടപ്പെട്ടവരാണ് ദേവസ്വം ബോർഡെന്ന് കോടതി വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യം പുറത്താകാതിരിക്കാൻ അടച്ചിട്ട കോടതി മുറിയിലാണ് (ഇൻ കാമറ) ചൊവ്വാഴ്ച വാദം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

