അയ്യപ്പസംഗമത്തിന് എതിരായ ഗൂഢാലോചന- മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സ്വർണപ്പാളി ആരോപണം പോറ്റി ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആ ഗൂഢാലോചനയിൽ പങ്കാളികളായവരെ കുറിച്ച് പുറത്തുവരരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് അത് പുറത്തുവരാതിരുന്നതെന്നും അന്വേഷണം നടന്നാൽ ആരൊക്കെ നേരിട്ട് പങ്കാളിത്തം വഹിച്ചു, ആരൊക്കെ പുറമെ നിന്ന് സഹായിച്ചുവെന്നും വ്യക്തമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2018ൽ സംഭവം നടന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽപെട്ടില്ലേ എന്ന ചോദ്യത്തിന് ശ്രദ്ധയിൽപെട്ടപ്പോൾ നടപടി തുടങ്ങിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, വന്നിടത്തോളം അങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ആര്‍ക്ക് വീഴ്ചയുണ്ട്, ആര്‍ക്ക് വീഴ്ചയില്ല എന്ന് ഇപ്പോള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കേണ്ട കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലുണ്ടായ ക്രമക്കേടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് ഹൈകോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും കുറ്റവാളികളുണ്ടെങ്കില്‍ അവരെല്ലാം നിയമത്തിന്റെ കരങ്ങളില്‍ പെടുമെന്നതില്‍ സംശയിക്കേണ്ട. ഹൈകോടതി അത്തരമൊരു നിലപാട് കൈക്കൊണ്ടപ്പോള്‍ത്തന്നെ സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറും ഹൈകോടതിയും രണ്ടു ഭാഗത്തല്ല. കുറ്റം ചെയ്തവരുണ്ടെങ്കില്‍ നിയമത്തിന്റെ കരങ്ങളില്‍ എത്തിപ്പെടണമെന്നും ആവശ്യമായ ശിക്ഷ അവര്‍ക്ക് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

