പരിഗണനകൾ മാറിമറിഞ്ഞു; സി.പി.എം ജെയ്ക്കിലേക്ക്
text_fieldsകോട്ടയം: സ്ഥാനാർഥി നിർണയത്തിൽ പരിഗണനകൾ മാറിമറിഞ്ഞതിനൊടുവിൽ മുമ്പ് രണ്ടുവട്ടം പുതുപ്പള്ളിയിൽ മത്സരിച്ച ജെയ്ക്ക് സി. തോമസിലേക്ക് സി.പി.എം നേതൃത്വം. ജില്ല നേതൃത്വത്തിലും ജെയ്ക്കിന്റെ പേരിനാണ് മുൻതൂക്കം.
നേരത്തേ, സി.പി.എം ജില്ല നേതൃത്വം ജെയ്ക്ക് സി. തോമസിന്റെയും ജില്ല സെക്രേട്ടറിയറ്റ് അംഗം റെജി സക്കറിയയുടെയും പേരുകളാണ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നത്.
മികച്ചയാളെ മത്സരിപ്പിക്കണമെന്നും ജെയ്ക്ക് മാറിനിൽക്കുന്നത് മറ്റ് വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്നും വിലയിരുത്തലുണ്ടായതോടെയാണ് ജെയ്ക്കിന് സാധ്യതയേറിയത്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും ചർച്ച ചെയ്തശേഷമാകും അന്തിമതീരുമാനം.
സി.പി.എം സ്ഥിരമായി മത്സരിച്ചുവരുന്ന സീറ്റിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാൻ ആദ്യം ആലോചനകളുണ്ടായിരുന്നു. എന്നാൽ, തൃക്കാക്കരപോലെ സ്ഥാനാര്‍ഥി നിര്‍ണയത്തിൽ പാളിച്ചയുണ്ടായാൽ തിരിച്ചടിയുണ്ടാകുമെന്ന് അഭിപ്രായമുയർന്നു. ഇതിനിടെ, വലത്തേക്ക് കണ്ണെറിഞ്ഞ ഇടതുപക്ഷം, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോട്ടയം ജില്ല പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷൻ അംഗം നിബു ജോണിനെ മത്സരത്തിനിറക്കാനും ശ്രമിച്ചു. ഈ നീക്കം വിജയിച്ചില്ല. പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയർന്ന ആശങ്കകളും നീക്കത്തിൽനിന്ന് പിന്തിരിയാൻ കാരണമായി. എന്നാൽ, ഇതിലൂടെ കോൺഗ്രസിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ കഴിഞ്ഞുവെന്നാണ് സി.പി.എം വിലയിരുത്തൽ. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ശനിയാഴ്ച കോട്ടയത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 16ന് രാവിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ നാമനിർദേശപത്രിക സമർപ്പിക്കും. വൈകീട്ട് മൂന്നിന് മണര്‍കാട്ട് തെരഞ്ഞെടുപ്പ് കൺവെൻഷനും നടക്കും.
അതിനിടെ, യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരന് തുടങ്ങിയവരെ തിരുവനന്തപുരത്തെത്തി കണ്ടു. വൈകീട്ട് ശിവഗിരി മഠത്തിലും സന്ദര്‍ശനം നടത്തി.
വെള്ളിയാഴ്ച മുതല്‍ മണ്ഡലത്തില്‍ വീണ്ടും സജീവമാകും. തിങ്കളാഴ്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനും നടക്കും.
മൂന്നംഗ സ്ഥാനാർഥി പട്ടികക്ക് ബി.ജെ.പിയും രൂപം നൽകി. മുതിർന്ന നേതാവ് ജോർജ് കുര്യൻ, കോട്ടയം ജില്ല പ്രസിഡന്റ് ലിജിൻ ലാൽ, ജില്ല സെക്രട്ടറി സോബിൻ ലാൽ എന്നിവരുടെ പേരുകളാണ് പട്ടികയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

