പ്രായപൂർത്തിയായവരുടെ ഉഭയസമ്മത പ്രകാരമുള്ള ശാരീരികബന്ധം ബലാത്സംഗമാകില്ല -ഹൈകോടതി
text_fieldsകൊച്ചി: ഉഭയസമ്മതത്തോടെ പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുള്ള ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ഹൈകോടതി. അതേസമയം, സ്ത്രീയുടെ സമ്മതം ഇല്ലാതെയോ വിസമ്മതം ഗൗനിക്കാതെ ബലപ്രയോഗത്തിലൂടെ നേടിയ സമ്മതപ്രകാരമോ നടക്കുന്ന ശാരീരികബന്ധത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376 വകുപ്പ് പ്രകാരമുള്ള ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കേന്ദ്ര സർക്കാർ അഭിഭാഷകനും പുത്തൻകുരിശ് സ്വദേശിയുമായ നവനീത് എൻ. നാഥിന് ജാമ്യം അനുവദിച്ചാണ് സിംഗിൾബെഞ്ചിന്‍റെ ഉത്തരവ്.
വിവാഹ വാഗ്ദാനം നൽകി ഒട്ടേറെ തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷക നൽകിയ പരാതിയിലാണ് അഭിഭാഷകൻ അറസ്റ്റിലായത്. ഇരയുടെ പ്രാഥമിക മൊഴിയിൽ ഇക്കാര്യം പറയുന്നുണ്ട്. നാല് വർഷമായി പരാതിക്കാരി ഹരജിക്കാരനുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഹരജിക്കാരൻ മറ്റൊരു യുവതിയുമായി അടുപ്പത്തിലായതും അവരെ വിവാഹം കഴിക്കാൻ തീരുമാനിച്ചതും ഇരക്ക് അറിയാമായിരുന്നു എന്നും മൊഴിയുണ്ട്. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത് പ്രതിശ്രുത വധു അറിയിക്കുകയും ചെയ്തു. തുടർന്ന് ഹരജിക്കാരനും പ്രതിശ്രുത വധുവും ഉണ്ടായിരുന്ന മുറിയിലെത്തിയ പരാതിക്കാരി കൈ ഞരമ്പ് മുറിച്ച് ആശുപത്രിയിലായതായാണ് മൊഴി. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വിവാഹ വാഗ്ദാനം നൽകിയിരുന്നില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ജാമ്യ ഹരജിയെ എതിർത്ത് ഇരയും കക്ഷി ചേർന്നിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ വിചാരണ വേളയിൽ ഉന്നയിക്കാവുന്നതാണെന്ന് വ്യക്തമാക്കിയ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
വിവാഹത്തിൽ കലാശിക്കാത്ത ബന്ധങ്ങളുടെ ഭാഗമായി ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന ലൈംഗികബന്ധം ബലാത്സംഗമാവില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. ലൈംഗികബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം നിഷേധിക്കുകയോ വിവാഹത്തിലേക്ക് എത്താൻ കഴിയാതെ വരുകയോ ചെയ്യുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ല. എന്നാൽ, തെറ്റായ ഉദ്ദേശ്യത്തോടെ വിവാഹ വാഗ്ദാനം നൽകി സമ്മതം നേടിയിട്ടുണ്ടെങ്കിൽ അത് ബലാത്സംഗമാണ്. വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യംപോലും വാഗ്ദാനം നൽകിയ സമയത്ത് ഉണ്ടായിരുന്നില്ലെങ്കിലും കേസ് നിലനിൽക്കും. ലൈംഗികബന്ധത്തിന് സ്ത്രീ സന്നദ്ധയായത് വിവാഹ വാഗ്ദാനത്തിന്‍റെ പേരിൽ മാത്രമാണെങ്കിലേ വിവാഹ വാഗ്ദാനം പാലിക്കാത്തതിന്‍റെ പേരിൽ ബലാത്സംഗ കുറ്റം ചുമത്താനാവൂ. വാഗ്ദാനം ചെയ്തത് വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യത്തോടെയല്ലെങ്കിൽ മാത്രമേ ഇതിനെ തെറ്റായ വാഗ്ദാനമായി സ്ഥാപിക്കാനാവൂ. ഇത്തരം സാഹചര്യത്തിൽ വിവാഹ വാഗ്ദാനവും ശാരീരികബന്ധവും തമ്മിൽ നേരിട്ടുള്ള ബന്ധം അനിവാര്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവും അടക്കം വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

