തൃശൂരിലെ ഭൂരിഭാഗം കോൺഗ്രസുകാർക്കും സംഘ്പരിവാർ ആഭിമുഖ്യം; കെ. മുരളീധരനെ പരാജയപ്പെടുത്തിയത് കോൺഗ്രസുകാർ തന്നെയെന്നും മുൻ ഡി.സി.സി ജനറൽ സെക്രട്ടറി
text_fieldsതൃശൂർ: തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. മുരളീധരനെ പരാജയപ്പെടുത്തിയത് കോൺഗ്രസുകാർ തന്നെയാണെന്നും തൃശൂരിലെ കോൺഗ്രസുകാരിൽ നല്ലൊരു ശതമാനവും സംഘ്പരിവാർ ആഭിമുഖ്യം പുലർത്തുന്നവരാണെന്നും ഡി.സി.സി മുൻ ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ്.
അന്ന് സിറ്റിങ് എം.പിയായിരുന്ന വ്യക്തിയടക്കം മുരളീധരന്റെ പരാജയത്തിന് കാരണക്കാരനാണ്. ഉത്തരവാദികളായ പലരുടെയും പേരുകൾ കെ. മുരളീധരൻതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കെ.പി.സി.സി അന്വേഷണ കമീഷൻ കോൺഗ്രസ് നേതാക്കളുടെ വീഴ്ച ചൂണ്ടിക്കാട്ടി റിപ്പോർട്ടും നൽകിയിരുന്നു. ഡി.സി.സി പ്രസിഡന്‍റ് ജോസ് വെള്ളൂർ രാജിവെച്ചതല്ലാതെ മറ്റു നടപടിയുണ്ടായില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് പരാജയത്തിനും ബി.ജെ.പി വിജയത്തിനും പ്രധാന ഉത്തരവാദിയായ സിറ്റിങ് എം.പിയായിരുന്ന വ്യക്തിക്കെതിരെ നടപടിയെടുത്തില്ല. മാത്രമല്ല, അദ്ദേഹത്തിന് തൃശൂർ ജില്ലയിലെ കോൺഗ്രസിനെ നയിക്കുന്ന അദൃശ്യ ചുമതല നൽകിയതായും മൂന്നു തവണ നഗരസഭ കൗൺസിലറും അർബൻ ബാങ്ക് ചെയർമാനുമായിരുന്ന യതീന്ദ്രദാസ് കുറ്റപ്പെടുത്തി. സംഘ്പരിവാർ സംഘടനകളുമായി പരസ്യമായും രഹസ്യമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കോൺഗ്രസ് ഭാരവാഹികളായി തുടരുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

