രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് പ്രവർത്തക അറസ്റ്റിൽ
text_fieldsപത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കോൺഗ്രസ് പ്രവർത്തക അറസ്റ്റിൽ. പത്തനംതിട്ടയിലെ കോൺഗ്രസ് പ്രവർത്തക രജിത പുളിക്കൽ ആണ് അറസ്റ്റിലായത്.
പത്തനംതിട്ട സൈബർ പൊലീസ് കോട്ടയത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തപ്പോഴും രജിത പുളിക്കൽ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അവരുടെ വ്യക്തിപരമായ വിവരങ്ങളടക്കം മനസിലാകുന്ന രീതിയിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റുകൾ. അന്ന് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും തിരുവനന്തപുരം ജില്ലാ കോടതി വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
മൂന്നാമത്തെ പരാതി വന്നപ്പോഴും പരാതിക്കാരിയെ അധിക്ഷേപിക്കുന്ന വിധം രജിത പുളിക്കൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങളടക്കം മനസിലാകുന്ന രീതിയിലായിരുന്നു ഇവരുടെ പോസ്റ്റ്. കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോവുകയായിരുന്നു ഇവർ. മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ് രജിത പുളിക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

