കേരളത്തിലും വോട്ടുകൊള്ള; 4.34 ലക്ഷം വ്യാജ വോട്ടുകൾ
text_fieldsന്യൂഡൽഹി: വോട്ടുകൊള്ളക്കെതിരെ കോൺഗ്രസ് ദേശവ്യാപക കാമ്പയിന് തിങ്കളാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് രൂപം നൽകാനിരിക്കേ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലും നടന്ന തെരഞ്ഞെടുപ്പ് അട്ടിമറികൾ കോൺഗ്രസ് പരിശോധിക്കുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം അട്ടിമറിച്ചത് വോട്ടർപട്ടികയിലെ വ്യാജ വോട്ടുകളാണെന്നും ഇത്തരത്തിലുള്ള നാല് ലക്ഷത്തിൽ പരം വ്യാജ വോട്ടുകൾ കോൺഗ്രസ് കണ്ടെത്തിയതാണെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ പറഞ്ഞു.
ഇരട്ട വോട്ടുകളും വ്യാജ വോട്ടുകളുമായി ആകെ 4,34,042 വോട്ടുകളുടെ വോട്ടുകൊള്ളയാണ് കേരളത്തിൽ കോൺഗ്രസ് കണ്ടെത്തിയത്. ഹരജി ഫയൽ ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 3,24,441 ഇരട്ട വോട്ടുകളും 1,09,691 വ്യാജ വോട്ടുകളും നിയമസഭാ തെഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിലുള്ളതിന്റെ തെളിവുകളാണ് ഹാജരാക്കിയിരുന്നത്. അതേസമയം 38,000 വ്യാജ വോട്ടുകളാണ് തങ്ങൾ കണ്ടെത്തിയത് എന്നാണ് കമീഷൻ ഹൈകോടതിയെ അറിയിച്ചത്.
തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ ഒരേ ആൾക്ക് വ്യത്യസ്ത പേരുകളിലും സീരിയലുകളിലുമായി വോട്ട് നൽകിയതിന്റെ സാമ്പ്ൾ കേരള ഹൈകോടതി വിധിയിൽ തന്നെ എടുത്തുകാട്ടി. സംസ്ഥാനമൊട്ടുക്കും വ്യാജ വോട്ടുകൾ ഉള്ളതിന്റെ തെളിവായി അഞ്ചിടത്ത് വോട്ടുകളുള്ള കാസർകോട് ജില്ലയിലെ രവീന്ദ്രന്റെ ഭാര്യ കുമാരിയുടെ ഉദാഹരണവും ഹൈകോടതി എടുത്തുകാട്ടിയിരുന്നു.
ഇത്തരം വോട്ടർമാരുടെ വീടുകൾ സന്ദർശിച്ച് അവരില്ലാത്ത വിലാസങ്ങളിൽനിന്ന് ഇരട്ടവോട്ടുകൾ നീക്കം ചെയ്യണമെന്ന് നിർദേശിച്ചതായും എന്നാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പൂർണാർഥത്തിൽ അതു നിർവഹിക്കാത്തതുകൊണ്ടാണ് അന്തിമ വോട്ടർപട്ടികയിലും വ്യാജ വോട്ടുകളുണ്ടായതെന്ന് കേരളത്തിന്റെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ കേരള ഹൈകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഈ വോട്ടുകൾ നീക്കം ചെയ്യാൻ കമീഷൻ നടപടി എടുത്തില്ല. 2021 ഏപ്രിൽ ആറിന് വോട്ടെടുപ്പ് നിശ്ചയിച്ചതിനാൽ അന്തിമപട്ടികയിൽനിന്ന് അവ നീക്കം ചെയ്യാനാവില്ലെന്ന നിലപാടാണ് കമീഷൻ കൈക്കൊണ്ടത്.
2021 മാർച്ച് 31ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ഷാജി പി. ചാലി എന്നിവരടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ കേരളത്തിലെ വോട്ടർപട്ടികയിലുള്ള വ്യാജ വോട്ടുകൾ ചെയ്യാതിരിക്കാനുള്ള നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യാപകമായി വ്യാജവോട്ടുകൾ ചേർത്തതിനാൽ ഭാവിയിൽ ഇരട്ട വോട്ട് തടയാൻ പേര്, ബന്ധം, ജനനത്തീയതി തുടങ്ങിയ ഘടകങ്ങൾ പരിശോധിക്കുന്നപോലെ ഫോട്ടോയും പരസ്പരം ഒത്തുനോക്കണമെന്നും ഹൈകോടതി നിർദേശിച്ചിരുന്നു.
അതേസമയം, പരാജയത്തിൽ ആത്മവീര്യം നഷ്ടപ്പെട്ട കോൺഗ്രസിന്റെ ഭാഗത്തുനിന്ന് 2021ലെ വോട്ടുകൊള്ളയിൽ തുടർപ്രവർത്തനമുണ്ടായില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ സമ്മതിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക മുന്നിൽ വെച്ച് വോട്ടുകൊള്ള കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ കഴിവുള്ള ബൂത്ത് തല ഏജന്റുമാരെ നിയോഗിക്കുമെന്നും എ.ഐ.സി.സി സെക്രട്ടറി ‘മാധ്യമ’ത്തോടു പറഞ്ഞു.
പരിശോധന തൃശൂരിലും
തൃശൂർ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ നടത്തിയതിന് സമാന രീതിയിൽ തൃശൂരിലെ വോട്ടർ പട്ടിക സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏഴ് നിയമസഭ മണ്ഡലങ്ങളിലെയും വോട്ടർ പട്ടിക പഠിച്ച് കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യല് അന്വേഷണം അനിവാര്യമാണെന്നും ഇക്കാര്യം ആവശ്യപ്പെടുകയാണെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദനും വ്യക്തമാക്കിയിട്ടുണ്ട്. തൃശൂർ മണ്ഡലത്തിൽ സംശയം ഉയർത്തിയ ആരോപണങ്ങളും സാഹചര്യങ്ങളും ഒന്നുകൂടി വിലയിരുത്തുന്ന പ്രത്യേക അന്വേഷണം മാധ്യമം ‘സൂം’ പേജിൽ വായിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

